Tuesday, April 1, 2025

HomeMain Storyപെരുന്നാളിന് ശേഷം മലയാളി നേഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്ന് ആശങ്ക

പെരുന്നാളിന് ശേഷം മലയാളി നേഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്ന് ആശങ്ക

spot_img
spot_img

എ.എസ് ശ്രീകുമാര്‍

റമദാന്‍ പെരുന്നാളിന് ശേഷം തനിക്ക് വധശിക്ഷ നടപ്പാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയെന്ന് യെമനില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നേഴ്‌സ് നിമിഷ പ്രിയയുടെ സന്ദേശം. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോണ്‍വിളി എത്തിയെന്നാണ് നിമിഷ പ്രിയ സന്ദേശത്തില്‍ പറയുന്നത്. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയ സനയിലെ ജയിലില്‍ കഴിയുന്നത്. നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ ഇടപാളിനാണ് ശബ്ദ സന്ദേശം ലഭിച്ചത്. നിമിഷ പ്രിയയുടെ മോചനത്തില്‍ ഇടപെട്ട് ഇറാന്‍ ഹൂതി വിമത നേതാവ് അബ്ദുല്‍ സലാമുമായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി സംസാരിച്ചിരുന്നു.

ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാന്‍ ചര്‍ച്ച ചെയ്തത്. നിമിഷ പ്രിയയെ മോചിപ്പിക്കുന്ന വിഷയം ചര്‍ച്ചയായെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ കഴിയുന്നത് ചെയ്യാമെന്നാണ് ഹൂതി നേതാവ് മറുപടി നല്‍കിയത്. യെമനുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുന്‍പ് അറിയിച്ചിരുന്നു. യെമനിലെ കൂടുതല്‍ മേഖലയും ഹൂതികളുടെ നിയന്ത്രണത്തിലായതിനാലാണ് ചര്‍ച്ചകള്‍ക്ക് ഇറാന്റെ സഹായം ഇന്ത്യ തേടിയത്. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തിന് ദയാധനം നല്‍കി മോചനം സാധ്യമാക്കാന്‍ നിമിഷ പ്രിയയുടെ അമ്മ നിലവില്‍ യെമനില്‍ തങ്ങുകയാണ്.

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് നേരത്തെ അനുമതി നല്‍കിയിരുന്നു. കൊല്ലപ്പെട്ട തലാല്‍ അബ്ദുമെഹ്ദിയുടെ കുടുംബവുമായും അദ്ദേഹം ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണ് ശിക്ഷ നടപ്പാക്കാനുള്ള തീരുമാനം. അതേസമയം, നിമിഷ പ്രിയയെ കൊലക്കയറില്‍ നിന്ന് രക്ഷിക്കാന്‍ നയതന്ത്ര തലത്തില്‍ സാധ്യമായ എല്ലാം ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രായയം വ്യക്തമാക്കി. ഇതിനിടെ യമന്‍ പൗരന്റെ കുടുംബത്തിന് ദയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുള്ള അവസാനവട്ട ശ്രമവും നടക്കുന്നുണ്ട്.

മകളുടെ മോചനത്തിനുള്ള ചര്‍ച്ചകള്‍ക്കായി അമ്മ പ്രേമകുമാരിയും ‘സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍’ അംഗവും യെമന്‍ പ്രവാസിയുമായ സാമുവേല്‍ ജെറോമും 2024 ഏപ്രിലില്‍ യമനിലേക്ക് പോയിരുന്നു. 11 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം പ്രേമകുമാരി മകളെ ജയിലിലെത്തി കണ്ടു. വികാരനിര്‍ഭരമായിരുന്നു കണ്ണീരണിഞ്ഞ ആ കൂടിക്കാഴ്ച. നിമിഷ തടവടവിലായതോടെ നിയമനടത്തിപ്പിനായി ഓട്ടത്തിലായിരുന്നു ഈ അമ്മ.

വധശിക്ഷ വിധിക്കപ്പെട്ടതോടെ വീട് ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ വിറ്റാണ് പണം കെട്ടിവച്ചത്. ആറ് വര്‍ഷമായി വീട്ട് ജോലിക്കാരിയായി ജീവീതമാര്‍ഗം കണ്ടെത്തി കൊണ്ടാണ് പ്രിയ മകളുടെ ജീവന്‍ രക്ഷിക്കാന്‍ നെഞ്ചില്‍ തീയുമായുള്ള അമ്മയുടെ പോരാട്ടം. ഏഴ് വര്‍ഷത്തിലേറെയായി എറണാകുളം താമരച്ചാലിലെ ഒരു വീട്ടില്‍ ജോലി ചെയ്യുകയാണ് പ്രേമകുമാരി.

പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷ പ്രിയ. 2008-ല്‍ നേഴ്‌സിങ് പാസായ നിമിഷ സ്വകാര്യ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചു. 2011-ല്‍ കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശി ടോമി തോമസിനെ വിവാഹം കഴിച്ചു. 2012-ല്‍ ഇരുവരും യെമനിലേക്ക് പോയി. ടോമി സ്വകാര്യ സ്ഥാപനത്തിലും നിമിഷ നേഴ്‌സായി ക്ലിനിക്കിലും ജോലിനേടി. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ നിമിഷ ഗര്‍ഭിണിയായി, എന്നാല്‍ യെമനിലുള്ള ഇരുവരുടെയും സാമ്പത്തിക സ്ഥിതി തങ്ങളെയും ഗര്‍ഭസ്ഥ ശിശുവിനെയും വേണ്ടവിധം പരിപാലിക്കാന്‍ പര്യാപ്തമായിരുന്നില്ല. നിമിഷയുടെ ജോലിയിലെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി ചെറിയ ക്ലിനിക്ക് തുറക്കാന്‍ അവര്‍ പദ്ധതിയിട്ടു.

അതിനിടെ യെമന്‍ പൗരനായ തലാല്‍ അബ്ദുല്‍ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു. യെമനിലെ നിയമമനുസരിച്ച്, ഒരു ആശുപത്രി തുറക്കാന്‍ യെമന്‍ പൗരത്വം ആവശ്യമാണ്. അതുകൊണ്ടാണ് തലാല്‍ അബ്ദുല്‍ മെഹ്ദിയുടെ സഹായം തേടിയത്. ബിസിനസ് തുടങ്ങാന്‍ നിമിഷയും ഭര്‍ത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മെഹ്ദിക്ക് കൈമാറിയിരുന്നു. അങ്ങനെ നിമിഷയ്ക്ക് ലൈസന്‍സ് ലഭിക്കുകയും 2015-ല്‍ ക്ലിനിക്ക് തുറക്കുകയും ചെയ്തു. എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു.

2015-ല്‍ യെമനില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു, ഹൂതി വിമതരുടെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളെത്തുടര്‍ന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ആളുകളെ യെമനിലേക്ക് പോകുന്നത് വിലക്കി. യെമനില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. നിമിഷയും ഭര്‍ത്താവ് തോമസും മകളുമായി ഇന്ത്യയിലേക്ക് മടങ്ങി. ബിസിനസിന് കൂടുതല്‍ പണം ആവശ്യമായി വന്നതും ഇതിന് കാരണമായി. കുറച്ച് ദിവസങ്ങള്‍ കടന്നുപോയി. നിമിഷ തന്റെ ക്ലിനിക്കിനെ കുറിച്ച് ആശങ്കപ്പെടാന്‍ തുടങ്ങി. അതുകൊണ്ട് മകളെയും ഭര്‍ത്താവിനെയും കൂടാതെ തനിച്ച് യെമനില്‍ എത്തി. നിമിഷപ്രിയ പോയതിന് ശേഷം യെമനിലേക്ക് തിരിച്ചുപോവാനായിരുന്നു ടോമി ഉദ്ദേശിച്ചതെങ്കിലും യെമന്‍-സൗദി യുദ്ധത്തെ തുടര്‍ന്ന് യാത്ര മുടങ്ങി.

നിമിഷ യെമനില്‍ തിരിച്ചെത്തിയതോടെ തലാലിന്റെ ഉദ്ദേശം മാറിയെന്നാണ് പിന്നീട് ഉയര്‍ന്ന ആരോപണം. ബിസിനസ് പങ്കാളിയെന്ന നിലയില്‍ ആദ്യമൊക്കെ മാന്യമായി ഇടപെട്ടിരുന്ന മെഹ്ദിയുടെ സ്വഭാവം പിന്നീട് മറ്റൊരു തലത്തിലേക്ക് മാറി. മെഹ്ദിയുമായി ചേര്‍ന്ന് ക്ലിനിക്ക് തുടങ്ങിയശേഷം നിമിഷ തന്റെ ഭാര്യയാണെന്ന് പലരേയും വിശ്വസിപ്പിച്ചു. ക്ലിനീക് ലാഭത്തിലായതോടെ നിമിഷ പോലും അറിയാതെ അയാള്‍ ക്ലിനിക്കിന്റെ ഷെയര്‍ ഹോള്‍ഡറായി തന്റെ പേര് കൂടി ഉള്‍പ്പെടുത്തി മാസ വരുമാനത്തിന്റെ പകുതി പണം കൈക്കലാക്കാന്‍ ശ്രമിച്ചു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നാണ് മറ്റൊരു ആരോപണം. പിന്നീട് ഇരുവരും വിവാഹം നടത്തി. ഇത് ഭീഷണിപ്പെടുത്തിയായിരുന്നുവെന്നാണ് നിമിഷയുടെ വാദം.

തലാലിന്റെ പ്രവര്‍ത്തികളില്‍ നിമിഷ മടുത്തു. അതിനിടെ വിസയുടെ കാലാവധിയും അവസാനിക്കാനിക്കാറായി. നിമിഷയുടെ വിസ പുതുക്കാനെന്ന് പറഞ്ഞു തലാല്‍ പാസ്‌പോര്‍ട്ട് കയ്യില്‍ തന്നെ കരുതി. ഇരുവരും തമ്മില്‍ വഴക്കുകളും തര്‍ക്കങ്ങളും പതിവായി. പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച് നാട്ടില്‍ വിടാതെ പീഡിപ്പിച്ചുവെന്നും ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കിയെന്നും നിമിഷ പറയുന്നു. തലാലിന്റെ പ്രവൃത്തിയില്‍ അസ്വസ്ഥയായ നിമിഷ പൊലീസില്‍ പരാതി നല്‍കി. തലാലിനെതിരെ യെമന്‍ പൊലീസ് നടപടിയെടുത്തു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഇയാള്‍ ജയില്‍ മോചിതനായി. 2016-ലാണ് ഈ സംഭവങ്ങളെല്ലാം നടക്കുന്നത്.

മെഹ്ദിയുടെ മോചനത്തിന് ശേഷം നിമിഷ ഇന്ത്യയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ പാസ്‌പോര്‍ട്ട് തലാലിന്റെ പക്കലായിരുന്നു. എന്ത് വില കൊടുത്തും പാസ്‌പോര്‍ട്ട് കയ്യിലാക്കണമെന്ന് തീരുമാനിച്ചു. ഇതിനായി സുഹൃത്ത് ഹനാനയോട് സഹായം അഭ്യര്‍ത്ഥിച്ചു. ഹനാനയുടെ നിര്‍ദേശപ്രകാരം നിമിഷ അവസരം മുതലാക്കി. തലാലിന് മയക്കത്തിനുള്ള ഇഞ്ചക്ഷന്‍ നല്‍കി. അങ്ങനെ അബോധാവസ്ഥയിലാകുമ്പോള്‍ പാസ്‌പോര്‍ട്ട് കയ്യിലാക്കമെന്നായിരുന്നു കരുതിയത്. പക്ഷേ, മരുന്നിന്റെ അമിതോപയോഗം മൂലം തലാല്‍ മരിച്ചു. തലാലിന്റെ മരണത്തില്‍ ഇരുവരും ഭയക്കുകയും മൃതദേഹം സംസ്‌കരിക്കാന്‍ പദ്ധതിയിടുകയും ചെയ്തു. മൃതദേഹം പല കഷണങ്ങളാക്കുകയും ഇവ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.

മെഹ്ദിക്ക് ബോധം പോയ നേരം പാസ്‌പോര്‍ട്ടും കണ്ടെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അതിര്‍ത്തിയില്‍വെച്ച് പിടിയിലായി എന്നാണ് നിമിഷപ്രിയ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ മെഹ്ദിയുടെ മൃതദേഹം അവര്‍ താമസിച്ചിരുന്ന വീടിന് മുകളിലെ ജലസംഭരണിയില്‍ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയത് നിമിഷപ്രിയയെ കുടുക്കി. 2017 ജൂലൈയില്‍ യെമന്‍ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. വിചാരണയ്‌ക്കൊടുവില്‍ 2018-ല്‍ യെമന്‍ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചു. അപ്പീല്‍ കോടതിയും 2020-ല്‍ വധശിക്ഷ ശരിവെച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി കുടുംബം മുട്ടാത്ത വാതിലുകളില്ല.

കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യന്‍ എംബസി നിയോഗിച്ച അഭിഭാഷകന്‍ അബ്ദുല്ലാ അമീര്‍ ചര്‍ച്ചകളാരംഭിക്കാന്‍ രണ്ടാം ഗഡുവായി 16.60 ലക്ഷം ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ തുക കൈമാറിയാലേ ചര്‍ച്ചകള്‍ തുടങ്ങൂ എന്ന് അറിയിച്ചതോടെയാണു മോചനശ്രമം നിലച്ചത്. ആദ്യ ഗഡുവായി 19,871 ഡോളറിന്റെ ചെക്ക് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വഴി കഴിഞ്ഞ ജൂലൈ നാലിന് അഭിഭാഷകനു കൈമാറിയിരുന്നു. ആകെ 40,000 യു.എസ് ഡോളറാണു ചര്‍ച്ചകള്‍ ആരംഭിക്കാന്‍ വേണ്ടതെന്നും ഇതു രണ്ടു ഗഡുവായി നല്‍കണമെന്നും തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു എന്ന നിലപാടിലായിരുന്നു അഭിഭാഷകന്‍.

‘ബ്ലെഡ് മണി’ എന്നറിയപ്പെടുന്ന മോചനദ്രവ്യം സ്വീകരിക്കാന്‍ കൊല്ലപ്പെട്ട തലാല്‍ മുഹമ്മദിന്റെ കുടുംബത്തോട് വീണ്ടും അപേക്ഷിക്കാനാണിപ്പോള്‍ ശ്രമം നടക്കുന്നത്. തലാലിന്റെ കുടുംബം പണം വാങ്ങാന്‍ തയ്യാറായാല്‍ വേണ്ടി വരിക അഞ്ചുകോടി യെമെനി റിയാലാണ്. അതായയ് ഏകദേശം ഒന്നരക്കോടി രൂപ. തലാലിന്റെ കുടുംബം അതിന് മുകളില്‍ ചോദിച്ചാലും കൊടുക്കേണ്ടി വരും.

ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃതത്തില്‍ 2021 ഓഗസ്റ്റിലാണ് ‘സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍’ ആരംഭിച്ചത്. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചതിന് ശേഷം രാജ്യാന്തരതലത്തിലെ തന്നെ അറിയപ്പെടുന്ന മധ്യസ്ഥനാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ്. അഭിഭാഷകര്‍, മുന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍, വിദേശത്തുള്ള ഇന്ത്യന്‍ പ്രതിനിധികളടക്കമുള്ളവരാണ് ഈ സംഘത്തില്‍ ഉണ്ടായിരുന്നത്. സര്‍ക്കാര്‍, സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍, അന്താരാഷ്ട എജന്‍സികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ മോചനദൗത്യം ഏകോപിപ്പിക്കലാണ് സംഘത്തിന്റെ ദൗത്യം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments