ബാങ്കോക്ക്: ഭൂകമ്പം ദുരന്തം വിതച്ച മ്യാന്മറില്‍ മരുന്നുകള്‍ക്കും ഭക്ഷണത്തിനും അവശ്യ വസ്തുക്കള്‍ക്കും വന്‍ ക്ഷാമം. രണ്ടു കോടിയിലധികം പേര്‍ ദുരിതത്തിലാണെന്നും അടിയന്തിരമായി സഹായം എത്തിക്കേണ്ടതുണ്ടെന്നും യുഎന്‍ വ്യക്തമാക്കി. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്നും നിരവധി ആളുകളെ പുറത്തെടുത്തു.
പാലങ്ങളും റോഡുകളും തകര്‍ന്നതിനാല്‍ പല ദുരന്ത മേഖലകളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല.45 ടണ്‍ അവശ്യ വസ്തുക്കളുമായി ഇന്ത്യ അയച്ച മൂന്നു വിമാനങ്ങള്‍ മ്യാന്മറിലെത്തി. ഇന്ത്യ അയച്ച എണ്‍പതംഗ എന്‍ഡിആര്‍എഫ് സംഘവും 118 അംഗ വൈദ്യ സംഘവും മ്യാന്മറില്‍ പ്രവര്‍ത്തനം നടത്തുന്നുണ്ട്.
അവശ്യവസ്തുക്കളുമായി നാലു കപ്പലുകളും ഇന്ത്യ അയക്കും. മ്യാന്മാര്‍ ഭൂചലനത്തിന്റെ പ്രകമ്പനം ഉണ്ടായ തായ്ലന്‍ഡിലെ ബാങ്കോക്കില്‍ തകര്‍ന്നുവീണ മുപ്പതുനില കെട്ടിടത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 17 പേര്‍ക്കാണ് തായ്ലന്‍ഡില്‍ ജീവന്‍ നഷ്ടമായത്. തായ്ലന്‍ഡില്‍ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.