കൊളംബോ: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിന് ശേഷം പാര്‍ലമെന്റില്‍ ഇന്ന് വീണ്ടും നടപടികള്‍ ആരംഭിച്ചപ്പോള്‍ പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ ഭരണസഖ്യത്തിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. രാജപക്സെ കുടുംബത്തിനെതിരായ ജനരോഷത്തിനിടെ 41 അംഗങ്ങള്‍ പിന്തുണ പിന്‍വലിച്ചു.
താന്‍ സ്ഥാനമൊഴിയില്ലെന്നും, പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ കൈമാറാന്‍ തയ്യാറാണെന്നും പ്രസിഡന്റ് രാജപക്സെ നേരത്തെ വ്യക്തമാക്കിയിരുന്നു.
മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ എസ്.എല്‍.എഫ്.പി പാര്‍ട്ടിയുടെ 15 അംഗങ്ങളും പിന്തുണ പിന്‍വലിച്ചതിൽ ഉള്‍പ്പെടുന്നു.
ഡെപ്യൂട്ടി സ്പീക്കര്‍ രഞ്ജിത് സിയബലപിത്യയും ചൊവ്വാഴ്ച രാജിവെച്ചു. ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി സര്‍ക്കാരില്‍ നിന്ന് പിന്മാറി സ്വതന്ത്ര നിലപാട് എടുക്കാന്‍ തീരുമാനിച്ചതോടെയാണ് അദ്ദേഹം രാജിവെച്ചത്. പുതുതായി ചുമതലയേറ്റ ധനമന്ത്രി അലി സാബ്രിയും രാജി പ്രഖ്യാപിച്ചിട്ടുണ്ട്.
സാബ്രി ഉള്‍പ്പെടെ നാല് പുതിയ മന്ത്രിമാരെ ഇന്നലെ പ്രസിഡന്റ് രാജപക്‌സെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നു
ഐക്യ ഗവണ്‍മെന്റില്‍ ചേരാനുള്ള പ്രസിഡന്റ് രാജപക്‌സെയുടെ ക്ഷണം ‘അസംബന്ധം’ ആണെന്ന് അറിയിച്ചുകൊണ്ട് ശ്രീലങ്കയിലെ പ്രതിപക്ഷം തള്ളിക്കളഞ്ഞിരുന്നു.