ന്യൂഡല്‍ഹി : താന്‍ കൊല്ലപ്പെടുമെന്ന തോന്നല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കുണ്ടായിരുന്നുവെന്നു വെളിപ്പെടുത്തല്‍. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ റഷീദ് കിദ്വായി രചിച്ച ‘ലീഡേഴ്‌സ്, പൊളിറ്റിഷന്‍സ്, സിറ്റിസന്‍സ്’ എന്ന പുസ്തകത്തിലാണ് ഗാന്ധികുടുംബാംഗങ്ങളടക്കം 50 പ്രമുഖരുടെ ജീവിതത്തിലെ സംഭവങ്ങള്‍ വിവരിക്കുന്നത്.
അംഗരക്ഷകരുടെ വെടിയേറ്റു വീഴുംമുന്‍പ് ഇന്ദിര കൊച്ചുമക്കളായ രാഹുലിനെയും പ്രിയങ്കയെയും കെട്ടിപ്പിടിച്ചു ചുംബിച്ചു. സ്‌കൂളിലേക്കു പോകാനിറങ്ങിയ ഇരുവരെയും പതിവിലും കൂടുതല്‍ നേരം ഇന്ദിര ചേര്‍ത്തുപിടിച്ചു. താന്‍ മരിച്ചാല്‍ കരയരുതെന്നും ചുമതലകള്‍ ഏറ്റെടുക്കണമെന്നും പറഞ്ഞാണു രാഹുലിനെ ഇന്ദിര യാത്രയാക്കിയത്. താന്‍ ജീവിതം പൂര്‍ണമായി ജീവിച്ചുതീര്‍ത്തുവെന്ന് ഏതാനും ദിവസം മുന്‍പ് ഇന്ദിര രാഹുലിനോടു പറഞ്ഞിരുന്നു. സംസ്‌കാരച്ചടങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്ന് ഇന്ദിര രാഹുലുമായി പങ്കുവച്ചു.
വെടിയേറ്റ ഇന്ദിരയെ എയിംസ് ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. ആശുപത്രിവരാന്തയില്‍ സോണിയ ഗാന്ധി അലമുറയിട്ടു കരഞ്ഞു. രാഹുലും പ്രിയങ്കയും ആക്രമിക്കപ്പെടുമെന്നു സോണിയ ഭയപ്പെട്ടു. അവിടെയെത്തിയ കുടുംബാംഗം അരുണ്‍ നെഹ്‌റു, രാഹുലിനെയും പ്രിയങ്കയെയും അമിതാഭ് ബച്ചന്റെ അമ്മ തേജി ബച്ചന്റെ വസതിയിലേക്കു കൊണ്ടുപോയി.
കൗമാരത്തില്‍ത്തന്നെ രാഹുല്‍ ഗാന്ധിക്കു മനക്കരുത്തും നിശ്ചയദാര്‍ഢ്യവുമുള്ളതായി ഇന്ദിര മനസ്സിലാക്കിയിരുന്നുവെന്നും രാജീവിനോടും സോണിയയോടും പോലും പങ്കുവയ്ക്കാതിരുന്ന പല കാര്യങ്ങളും രാഹുലുമായി അവര്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും റഷീദ് കിദ്വായിയുടെ പുസ്തകത്തിലുണ്ട്.