ന്യൂഡല്‍ഹി : അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അപ്പീല്‍ നല്‍കി. സൂറത്ത് ചീഫ് മജിസ്‌ട്രേട്ട് കോടതിയുടെ ശിക്ഷാവിധിക്കെതിരെയാണ് സൂറത്ത് സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ശിക്ഷയും കുറ്റവും മരവിപ്പിക്കാന്‍ അപേക്ഷകളും സമര്‍പ്പിച്ചു. സൂറത്ത് സെഷന്‍സ് കോടതി രാഹുലിന്റെ ജാമ്യ കാലാവധി നീട്ടി. കേസ് ഏപ്രില്‍ 13ന് പരിഗണിക്കാനായി മാറ്റി.
മജിസ്‌ട്രേട്ട് േകാടതി രാഹുലിന് നേരത്തേ ജാമ്യം നല്‍കിയിരുന്നു. അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചാണ് ജാമ്യം അനുവദിച്ചിരുന്നത്. ഈ ജാമ്യമാണ് സെഷന്‍സ് കോടതി നീട്ടി നല്‍കിയത്. സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ക്കൊപ്പം രാഹുല്‍ കോടതിയില്‍ നേരിട്ടെത്തി. മുതിര്‍ന്ന നേതാക്കളോട് രാഹുലിനൊപ്പം പോകാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.
മോദി പേരുകാരെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് സൂറത്ത് മജിസ്‌ട്രേട്ട് കോടതി 2 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. കോടതി വിധി വന്ന് 12ാം ദിവസമാണ് അപ്പീല്‍ നല്‍കിയത്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ ലോക്‌സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കുകയും ചെയ്തു. അപ്പീല്‍ നല്‍കാതെ ജയിലില്‍ പോകാനായിരുന്നു രാഹുലിന്റെ തീരുമാനമെങ്കിലും പാര്‍ട്ടി നിയമ സെല്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
2019 ഏപ്രില്‍ 13ന് കര്‍ണാടകയിലെ കോലാറില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വച്ചു നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കേസ്. ‘എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ട്’ എന്ന പരാമര്‍ശത്തിനെതിരെ ഗുജറാത്തിലെ ബിജെപി നേതാവ് പൂര്‍ണേഷ് മോദി നല്‍കി പരാതിയിലാണ് കോടതി ശിക്ഷിച്ചത്. പട്‌നയില്‍ ബിജെപി നേതാവ് സുശീല്‍കുമാര്‍ മോദി നല്‍കിയ അപകീര്‍ത്തിക്കേസില്‍ ഏപ്രില്‍ 12ന് രാഹുല്‍ ഗാന്ധിയോടു ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.