തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ പൊലീസ് പിടിയില്‍.
നോയിഡ സ്വദേശി ഷാറൂഖ് സെയ്ഫിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോണിന്റെ ഐ.എം.ഇ.എ കോഡില്‍ നിന്ന് ലഭിച്ച വിവരം അടിസ്ഥാനമാക്കി ഇയാള്‍ നോയിഡ സ്വദേശിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. കണ്ണൂരില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. കോഴിക്കോട് കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് പിടിയിലായ ഷാരൂഖ് സെയ്ഫി.
ഷാറൂഖ് സെയ്ഫിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇയാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്ന നിര്‍ണായക വിവരവും പൊലീസിന് ലഭിച്ചിരുന്നു. പ്രതിയെ കുറ്റകൃത്യത്തിലേക്ക് നയിച്ച സാഹചര്യം, ആക്രമണത്തിന് മാറ്റാരുടെയെങ്കിലും സഹായമുണ്ടായിരുന്നോ, വിഘടന സ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുണ്ടോയെന്നതടക്കമുള്ള വിവരങ്ങളാണ് ഇനി അറിയാനുള്ളത്. പ്രതിയുടെ ബാഗില്‍ നിന്ന് ലഭിച്ച ഫോണിലെ നമ്ബറുകള്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. .
കേസില്‍ പ്രതിയുടെ രേഖാചിത്രവുമായി സാദൃശ്യമുള്ളയാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന സംശയത്തെ തുടര്‍ന്ന് റെയില്‍വെ പൊലീസ് പരിശോധന നടത്തിയിരുന്നു. കാലിന് പൊള്ളലേറ്റയാള്‍ ഇന്ന് പുലര്‍ച്ചെ സംശയാസ്പദമായ സാഹചര്യത്തില്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാള്‍ കണ്ണൂര്‍ സിറ്റിയിലുള്ള ഒരാളുടെ പേരും വിലാസവുമാണ് നല്‍കിയത്. എന്നാല്‍ അത് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. ഇയാളോട് ആശുപത്രിയില്‍ അഡ്മിറ്റാവാന്‍ കാഷ്വാലിറ്റിയിലുണ്ടായിരുന്ന ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ച് ഇയാള്‍ പുറത്തുപോവുകയായിരുന്നു.
പ്രതിയെന്ന് കരുതുന്നയാളുടെ രേഖാചിത്രം കാണിച്ച് പൊലീസ് ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെയും രണ്ട് നഴ്സ്മാരുടെയും മൊഴിയെടുത്തിരുന്നു. കണ്ണൂര്‍ എ.സി.പി രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും റെയില്‍വേ പൊലീസും സംയുക്താമായാണ് ജില്ലാ ആശുപത്രിയില്‍ പരിശോധന നടത്തിയത്. ഏതെങ്കിലും തരത്തില്‍ പ്രതിയില്‍ എത്തിച്ചേരാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. ആലപ്പുഴ എക്സ്പ്രസ് കണ്ണൂരില്‍ എത്തിയതിനു ശേഷമാണ് പ്രതി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടിയത്.
ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവില്‍ അക്രമി പെട്രോളൊഴിച്ച് യാത്രക്കാരെ തീ കൊളുത്തിയത്. ട്രെയിന്‍ എലത്തൂര്‍ പിന്നിട്ടപ്പോഴായിരുന്നു സംഭവം. ഡി 1 കമ്ബാര്‍ട്ടുമെന്റിലാണ് അക്രമണം നടന്നത്. തീ പടരുന്ന് കണ്ട് ട്രാക്കിലേക്ക് എടുത്തു ചാടിയെന്ന് കരുതുന്ന മൂന്നു പേരുടെ മൃതദേഹം പിന്നീട് കണ്ടെത്തിയിരുന്നു.