ചണ്ഡിഗഡ് :പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലി ദളിന്റെ മുതിര്‍ന്ന നേതാവുമായ പ്രകാശ് സിങ് ബാദല്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. ശ്വാസതടസത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ മൊഹാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പ്രകാശ് സിങ് ബാദലിനോടുള്ള ആദരസൂചകമായി രാജ്യത്ത് രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ബുധനാഴ്ചയും വ്യാഴാഴ്ചയും ദേശീയ പതാക പതിവായി ഉയര്‍ത്തുന്ന സ്ഥലങ്ങളില്‍ പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗികമായ ആഘോഷ പരിപാടികളും ഈ ദിനങ്ങളില്‍ ഉണ്ടാകില്ല.
തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലിരിക്കെ രാത്രി 8.28 നാണ് മരണമെന്ന് മകനും അകാലി ദള്‍ പാര്‍ട്ടി പ്രസിഡന്റും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദല്‍ അറിയിച്ചു. ഭട്ടിന്‍ഡയിലെ ബാദല്‍ ഗ്രാമത്തിലായിരിക്കും സംസ്‌കാരം. ബുധനാഴ്ച രാവിലെ മൊഹാലിയില്‍നിന്ന് ബാദല്‍ ഗ്രാമത്തിലേക്ക് ഭൗതികശരീരം കൊണ്ടുപോകും. പരേതയായ സുരീന്ദര്‍ കൗറാണ് ഭാര്യ.
സ്വാതന്ത്ര്യാനന്തര പഞ്ചാബ് രാഷ്ട്രീയത്തില്‍ ഒരു കാരണവരുടെ സ്ഥാനം അലങ്കരിച്ച വ്യക്തിത്വമായിരുന്നു പ്രകാശ് സിങ് ബാദല്‍. അദ്ദേഹത്തിന്റെ വിയോഗത്തോടെ ഒരു രാഷ്ട്രീയ യുഗത്തിനാണ് പഞ്ചാബ് വിടപറയുന്നതും.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായന്മാരില്‍ ഒരാളായ പ്രകാശ് സിങ് ബാദല്‍ രാജ്യത്തിനായി ഏറെ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണെന്ന് അനുശോചനസന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. പഞ്ചാബിന്റെ പുരോഗതിക്കായി ഏറെ പരിശ്രമിച്ച അദ്ദേഹത്തെ വിയോഗം വ്യക്തിപരമായും തനിക്ക് ഏറെ നഷ്ടമാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.