തിരുവനന്തപുരം: പണം നല്കി വോട്ട് തേടിയെന്ന് തനിക്കെതിരെ അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമായ പ്രസ്താവന നടത്തിയതിന് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലുറച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. പ്രസ്താവന നിരുപാധികം പിന്‍വലിച്ച് രേഖാമൂലം ക്ഷമാപണം നടത്തിയില്ലെങ്കില്‍ കടുത്ത നിയമ നടപടികളിലേക്ക് നീങ്ങുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ കഴിഞ്ഞ 18 വര്‍ഷവും കളങ്കരഹിതമായ പ്രതിച്ഛായ കാത്ത് സൂക്ഷിക്കുന്ന പൊതുപ്രവര്‍ത്തകനാണ് താന്‍. എന്നാല്‍ തന്നെ മാത്രമല്ല സാമൂഹിക മത സംഘടനകളെക്കൂടി അപമാനിക്കുക എന്ന ലക്ഷ്യം വെച്ച് കൊണ്ട് ശശി തരൂര്‍ അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ഉന്നയിച്ച മൂന്നു ചോദ്യങ്ങള്‍ക്ക് തരൂരിന് മറുപടി പറയാന്‍ കഴിഞ്ഞിട്ടില്ല.
ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ശശി തരൂര്‍ നല്‍കണം. അല്ലാത്ത പക്ഷം, നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
രാജീവ് ചന്ദ്രശേഖര്‍ ഉന്നയിച്ച ചോദ്യങ്ങള്‍:
- എന്നില്‍ നിന്ന് പണം കൈപ്പറ്റിയതായി താങ്കള്‍ (ശശിതരൂര്‍) പറയുന്ന സാമൂഹിക-മത സംഘടനകളുടെ നേതാക്കള്‍ ആരാണ്? സമൂഹത്തില മാന്യരായ വ്യക്തികളുടെ സല്‍പ്പേരിന് കളങ്കം വരുത്താന്‍ നിങ്ങള്‍ അവരെത്തന്നെ കരുവാക്കിയതെന്തിന്?
- താങ്കളുടെ 15 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍, നിങ്ങള്‍ എപ്പോഴെങ്കിലും സമാന നിര്‍ദ്ദേശങ്ങളുമായി ഈ നേതാക്കളെ സമീപിച്ചിട്ടുണ്ടോ, അതോ അവരില്‍ നിന്ന് അത്തരം വിലകുറഞ്ഞ അഭ്യര്‍ത്ഥനകള്‍ താങ്കള്‍ക്ക് ഇതിനു മുന്‍പ് ലഭിച്ചിട്ടുണ്ടോ?
- തെറ്റായ വിവരങ്ങളുടെയും കള്ളത്തരങ്ങളുടെയും ഈ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ നിങ്ങള്‍ തയ്യാറാണോ?
ഈ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നും തന്നോടും ഈ ബഹുമാന്യരായ വ്യക്തികളോടും നിരുപാധികം മാപ്പ് പറയണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അതിനു ശേഷം തിരുവനന്തപുരത്തിന്റെ സമഗ്ര വികസനത്തിനായി ക്രിയാത്മകമായ സംവാദത്തില്‍ ഏര്‍പ്പെടാം.
പണം നല്കി വോട്ട് തേടിയെന്ന ആരോപണത്തിന് ശശി തരൂര്‍ വ്യക്തമായ മറുപടി നല്‍കിയേ മതിയാകൂ. തിരുവനന്തപുരത്തെ സാമുദായിക സംഘടനാ നേതാക്കളെ മാത്രമല്ല, മണ്ഡലത്തിലെ വോട്ടര്‍മാരെക്കൂടി അപമാനിക്കുകയാണ് തരൂര്‍ ചെയ്തത്. ഇത്തരമൊരു പച്ചക്കള്ളംഉന്നയിക്കുന്നതിനു മുന്നേ തന്നെ അതിന്റെ ഭവിഷ്യത്ത് എന്താകുമെന്ന് ശശി തരൂര്‍ ഓര്‍ക്കണമായിരുന്നു എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഞാന്‍ ആര്‍ക്കാണ് പണം നല്കി വോട്ട് തേടിയതെന്ന് വിശ്വപൗരനായി സ്വയം വിശേഷിപ്പിക്കുന്ന എംപി ഇനിയെങ്കിലും വ്യക്തമാക്കണം. വിവിധ സാമൂഹിക നേതാക്കളുടെ വിശ്വാസ്യതയെക്കൂടി ബാധിക്കുന്ന വിഷയമായതിനാലാണ് ഇക്കാര്യത്തില്‍ ശശി തരൂരിനോട് കാര്യങ്ങള്‍ പരസ്യമാക്കാന്‍ ആവശ്യപ്പെടുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.