ന്യൂഡല്‍ഹി: എ.ഐ നിര്‍മിത ഉള്ളടക്കം ഉപയോഗിച്ച് ഇന്ത്യ, അമേരിക്ക, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഇടപെടാനും സ്വാധീനം ചെലുത്താനും ചൈന ഒരുങ്ങുന്നതായി മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. തായ്വാനിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ, ഫലത്തെ സ്വാധീനിക്കാന്‍ അക ഉപയോഗിച്ചുകൊണ്ട് ചൈന ട്രയല്‍ റണ്‍ നടത്തിയതിന് പിന്നാലെയാണ് മുന്നറിയിപ്പ്.
ഒരു വിദേശ തെരഞ്ഞെടുപ്പില്‍ എ.ഐ നിര്‍മിത ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് ഇടപെടാന്‍ സര്‍ക്കാര്‍ പിന്തുണയുള്ള ഒരു ഏജന്‍സി ശ്രമിക്കുന്നത് തങ്ങള്‍ ആദ്യമായാണ് കാണുന്നതെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. ഐ.ഐ വഴി സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങള്‍ക്ക് നിലവില്‍ കാര്യമായ ആഘാതം സൃഷ്ടിക്കാന്‍ കഴിയില്ലെങ്കിലും, ആ മേഖലയില്‍ ചൈന നടത്തുനന കാര്യമായ പരീക്ഷണങ്ങള്‍ കാലക്രമേണ കൂടുതല്‍ ഫലപ്രദമായി മാറിയേക്കുമെന്ന് മൈക്രോസോഫ്റ്റ് ആശങ്ക പ്രകടിപ്പിക്കുന്നു.
കഴിഞ്ഞ മാസം, മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യൂഡല്‍ഹിയില്‍ വെച്ച് സന്ദര്‍ശിച്ചിരുന്നു. സാമൂഹിക ആവശ്യങ്ങള്‍, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം, ആരോഗ്യം, കാര്‍ഷിക മേഖലകളിലെ നവീകരണം എന്നിവയിലെ എ.ഐയുടെ ഉപയോഗം ചര്‍ച്ച ചെയ്യുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.