തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാമറയത്തായ ജസ്‌നയെന്ന പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ എല്ലാ പരാജയപ്പെട്ടതിനു പിന്നാലെ ജസ്‌നയുടെ പിതാവ് കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലെ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാവുന്നു.
ജസ്ന ജീവിച്ചിരിപ്പില്ലെന്ന് തിരുവനന്തപുരം സിജിഎം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പിതാവ് ചൂണ്ടിക്കാട്ടുന്നു. സംശയമുള്ള അജ്ഞാത സുഹൃത്തിനെക്കുറിച്ച് വിവരം നല്‍കിയിട്ടും സിബിഐ അന്വേഷിച്ചില്ല. ഫോട്ടോ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ നല്‍കാന്‍ തയാറാണ്. ജസ്ന രഹസ്യമായി പ്രാര്‍ത്ഥനയ്ക്ക് പോയിരുന്ന സ്ഥലം താന്‍ കണ്ടെത്തിയെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പത്തനംതിട്ടയില്‍ നിന്നും ആറുവര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തിലാണ് ജസ്‌നയെ കാണാതായത്. ജസ്‌നയുടെ ഈ അജ്ഞാത സുഹൃത്തിനെ കുറിച്ചുള്ള വിവരങ്ങളും ഫോട്ടോയും കൈവശമുണ്ടെന്ന് അച്ഛന്‍ ജെയിംസ് തിരുവനന്തപുരം സി ജെ എം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അച്ഛന്റെ സത്യവാങ്മൂലത്തിലെ വെളിപ്പെടുത്തലുകള്‍ സി ബി ഐ അന്വേഷിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. അച്ഛന്റെ സത്യവാങ്മൂലത്തിന് പിന്നാലെ സി ബി ഐയിലെ അന്വേഷണ ഉദ്യോഗസ്ഥനോട് ഈ മാസം 19 ന് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്ന് ഇക്കാര്യത്തിലെ നിലപാട് സി ബി ഐ അറിയിക്കുമെന്നാണ് പ്രതീക്ഷ.