വാഷിംഗ്ടണ്‍: ഇറാന്‍ ഇസ്രയേലിനു നേരെ നടത്തിയ മിസൈല്‍ ,ഡ്രോണ്‍ ആക്രമണങ്ങളെ തുടര്‍ന്ന് യുദ്ധ സ്ഥിതി സംജാതമായതിനു പിന്നാലെ കൂടുതല്‍ പ്രതിരോധങ്ങളുമായി അമേരിക്ക. ഇറാനെതിരേ പ്രത്യാക്രമണം വേണ്ടെന്ന നിലപാടായിരുന്നു തുടക്കത്തില്‍ അമേരിക്ക സ്വീകരിച്ചത്. എന്നാല്‍ ഇസ്രയേലിനെതിരേ ഇറാന്‍ വീണ്ടും ആക്രമണം നടത്തുമെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനു പിന്നാലെ ഇസ്രയേലിനു സഹായമൊരുക്കാനുള്ള നടപടികള്‍ അമേരിക്ക ശക്തമാക്കി.
അമേരിക്കയുടെ രണ്ട് യുദ്ധക്കപ്പലുകള്‍ ഇതിനായി മെഡിറ്ററേനിയന്‍ കടലിലേക്ക് അയച്ചു.
ഇസ്രയേലിനെ ആക്രമിക്കരുതെന്ന് ഇറാന് അമേരിക്ക മുന്നറിയിപ്പും നല്കിക്കഴിഞ്ഞു. തുടര്‍ന്നാണ് യുദ്ധക്കപ്പലുകള്‍ അയച്ചത്. ചെങ്കടലിലുള്ള എസ്.എസ് കാര്‍നിയാണ് അമേരിക്ക അയച്ച യുദ്ധക്കപ്പല്‍്.
ആക്രമണം ഏതുനിമിഷവും പ്രതീക്ഷിക്കണമെന്ന മുന്നറിയിപ്പ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേലിന് നല്‍കിയിട്ടുണ്ട്. ഇനിയും നോക്കി നില്ക്കില്ലെന്നും ആക്രമണം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.
എന്നാല്‍ ഇറാന്റെ നീക്കം പ്രതിരോധം മാത്രമാണെന്ന നിലപാടിലാണ് പ്രസിഡന്റ് ഇബ്രാഹിം റൈസി . ഇറാന്റെ നിലപാടിനെതിരേ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എന്നിവര്‍ രംഗത്തെത്തി. ഇസ്രയേലിന്റെ സുരക്ഷയ്ക്കായി നിലകൊള്ളുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്ക് നേരത്തേ വ്യക്തമാക്കിയിരുന്നു.