ബെര്‍ലിന്‍: ഏപ്രില്‍ ഒന്നിന് സിറിയയിലെ കോണ്‍സൂലേറ്റ് ബോംബിട്ട് തകര്‍ക്കുകയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയും ചെയ്തതിന് തിരിച്ചടിയായി ഇറാന്‍ ഇസ്രായേലിലേക്ക് നടത്തിയ മിസൈല്‍ ആക്രമണം മിഡില്‍ ഈസ്റ്റിനെ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിട്ടതായി ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി.
ശനിയാഴ്ച ഇറാന്‍ റവലുഷണറി ഗാര്‍ഡ് മുന്നൂറോളം ഡ്രോണുകളും മിസൈലുകളുമയച്ചായിരുന്നു ഇസ്രായേലില്‍ ആക്രണം നടത്തിയത്. ശനിയാഴ്ച ഹുര്‍മൂസ് കടലിടുക്കില്‍നിന്ന് ഇസ്രായേല്‍ ബന്ധമുള്ള ചരക്കു കപ്പല്‍ ഇറാന്‍ സൈന്യം പിടിച്ചെടുത്തതിനു പിന്നാലെയാണ് ഇറാന്റെ നേരിട്ടുള്ള ആക്രമണം.
ടെഹ്റാന്‍ ”ഒരു പ്രദേശത്തെ മുഴുവന്‍ അരാജകത്വത്തിലേക്ക് തള്ളിവിട്ടു” എന്നും ഉടന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് പറഞ്ഞു. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും മധ്യപൗരസ്ത്യ മേഖലയിലെ സൈനിക മുന്നേറ്റങ്ങളെ അപലപിച്ച് രംഗത്തുവന്നു. ഇസ്രായേലിനോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച അദ്ദേഹം, എല്ലാ കക്ഷികളോടും, പ്രത്യേകിച്ച് ഇറാനോടും, കൂടുതല്‍ സംഘര്‍ഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. ചൈന സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.
അതേസമയം, ഇസ്രയേലിനെതിരായ ആക്രമണത്തില്‍ ഇറാന്‍ വിക്ഷേപിച്ച ഡ്രോണുകള്‍ ബ്രിട്ടീഷ് യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായി യുകെ പ്രധാനമന്ത്രി റിഷി സുനക് അറിയിച്ചു. ”നമ്മുടെ വിമാനങ്ങള്‍ ഇറാന്റെ നിരവധി ആക്രമണ ഡ്രോണുകള്‍ വെടിവച്ചിട്ടുണ്ടെന്ന് എനിക്ക് സ്ഥിരീകരിക്കാന്‍ കഴിയും,” -യുകെ പ്രധാനമന്ത്രി പറഞ്ഞു.