കൊച്ചി: മലയാള സിനിമ മേഖലയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടി.വി പുറത്തുവിട്ടിരുന്നു. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് നടന്‍ ദീലീപാണെന്നും ഒന്നരക്കോടി രൂപ പ്രതിഫലമായി വാ?ഗ്ദാനം ചെയ്‌തെന്നുമായിരുന്നു പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. റിപ്പോര്‍ട്ടര്‍ ടി.വി നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് വിവരങ്ങള്‍ പുറത്തുവന്നത്.
അതേസമയം വിചാരണ നടപടികള്‍ അവസാന ഘട്ടത്തിലാണ്. കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെ ഒന്‍പത് പ്രതികളാണുള്ളത്. കേസിലെ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയാവുകയും പ്രതിഭാഗത്തിന്റെ വാദം ആരംഭിക്കുകയും ചെയ്തു. വിചാരണ വരുന്ന ഏപ്രില്‍ 11-ാം തീയതിക്ക് മുന്‍പ് പൂര്‍ത്തിയാക്കണമെന്നാണ് വിചാരണ കോടതിയുടെ ഉത്തരവ്. ഇനിയും കാലതാമസം അനുവദിക്കില്ലെന്നും മധ്യവേനലവധിക്ക് മുമ്പ് വിചാരണ പൂര്‍ത്തിയാക്കണമെന്നും പ്രോസിക്യൂഷനോടും പ്രതിഭാഗത്തോടും വിചാരണ കോടതി വ്യക്തമാക്കിയിട്ടുണ്ട്. അന്തിമവാദം പൂര്‍ത്തിയായ ശേഷം കേസ് വിധി പറയാനായി മാറ്റും. വിചാരണ കോടതിയില്‍ എട്ടാം പ്രതിയായ ദിലീപിന്റെ അന്തിമവാദമാണ് നിലവില്‍ നടക്കുന്നത്. അവധിക്കാല സിറ്റിംഗില്‍ ഈ കേസ് പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി.
2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂരില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രാമധ്യേയാണ് നടി ആക്രമിക്കപ്പെട്ടത്. അങ്കമാലി അത്താണിക്ക് സമീപം നടിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി വാഹനത്തിനുള്ളിലേക്ക് അതിക്രമിച്ച് കയറിയ പ്രതികള്‍ നടിയെ ശാരീരികമായി ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. അക്രമി സംഘം നടിയുമായി ഒരു മണിക്കൂറിലധികം ന?ഗരത്തിലൂടെ കറങ്ങുകയായിരുന്നു. ശേഷം വാഹനത്തില്‍ നിന്നും രക്ഷപ്പെട്ട നടി ആദ്യം അഭയം തേടിയത് സംവിധായകന്‍ ലാലിന്റെ വീട്ടിലായിരുന്നു.
ലാലിന്റെ സിനിമയുടെ ഡബ്ബിങ്ങിന് വേണ്ടിയായിരുന്നു നടി എറണാകുളത്തേക്ക് വന്നത്. തുടര്‍ന്ന് സ്ഥലത്തെ എംഎല്‍എ ആയിരുന്ന പി.ടി തോമസിനെ വിവരമറിയിക്കുകയും അന്ന് തന്നെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഫെബ്രുവരി 18 ന് കാറിന്റെ ഡ്രൈവറായിരുന്ന മാര്‍ട്ടിന്‍ എന്നയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. തൊട്ടടുത്ത ദിവസം കേസില്‍ പ്രതികളായ വടിവാള്‍ സലീം, പ്രദീപ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡ്രൈവറായ സുനില്‍ കുമാറാണ് (പള്‍സര്‍ സുനി) കൃത്യത്തിന് നേതൃത്വം നല്‍കിയതെന്ന് മനസിലായതോടെ സുനിക്കെതിരെ അന്വേഷണം ആരംഭിച്ചു. ഏഴ് പ്രതികളാണ് ആദ്യ കുറ്റപത്രത്തിലുണ്ടായിരുന്നത്.
ഫെബ്രുവരി 23-നാണ് കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്യുന്നത്. തുടക്കത്തില്‍ പരസ്പര വിരുദ്ധമായി മൊഴി നല്‍കിയിരുന്ന പള്‍സര്‍ സുനി, സഹതടവുകാരോട് നടത്തിയ വെളിപ്പെടുത്തലുകളും ജയിലില്‍ വെച്ച് ദിലീപിനെ ബന്ധപ്പെടാന്‍ ശ്രമിച്ചതുമാണ് ദിലീപിലേക്ക് കേസന്വേഷണം നീളാനുള്ള കാരണം. 2017 ജൂണ്‍ 28-ന് ദിലീപ്, നാദിര്‍ഷ എന്നിവരെ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തി 13 മണിക്കൂര്‍ ചോദ്യം ചെയ്തു. ജൂലൈ 10-ന് ദിലീപ് അറസ്റ്റിലായി. നടിയോട് ദിലീപിന് വ്യക്തി വൈരാഗ്യമുണ്ടെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. കേസില്‍ 90 ദിവസം ദിലീപിന് ആലുവ സബ് ജയിലില്‍ കഴിയേണ്ടി വന്നു. കഴിഞ്ഞ വര്‍ഷമാണ് പള്‍സര്‍ സുനിക്ക് ജാമ്യം ലഭിക്കുന്നത്.