കൊളംബോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ ഇന്ത്യയും ശ്രീലങ്കയും പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. ഇതുൾപ്പെടെ ഏഴ് ഉടമ്പടികളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ശ്രീലങ്കയിലെ ട്രിങ്കോമലിയെ ഊർജ കേന്ദ്രമാക്കി വികസിപ്പിക്കാനുള്ള ഉടമ്പടി ഇതിൽ പ്രധാനമാണ്. സമ്പൂർണ സൗരോർജ പദ്ധതി മോദിയും ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയും ചേർന്ന് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
ഗ്രിഡ് ഇന്റർകണക്റ്റിവിറ്റി ഉടമ്പടി ശ്രീലങ്കയിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യാനുള്ള വഴിതുറക്കും. ഇന്ത്യയുടെയും ശ്രീലങ്കയുടെയും സുരക്ഷ പരസ്പരം ബന്ധപ്പെട്ടതാണെന്ന് പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. ‘അയൽക്കാർ ആദ്യം’ എന്ന ഇന്ത്യയുടെ നയത്തിൽ ശ്രീലങ്കക്ക് പ്രധാന സ്ഥാനമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ സുരക്ഷ താൽപര്യങ്ങൾക്ക് എതിരായ ഒരു പ്രവർത്തനവും ശ്രീലങ്കയുടെ അധീനതയിലുള്ള ഭാഗങ്ങളിൽ അനുവദിക്കില്ലെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെ ഉറപ്പുനൽകി.
ഇന്ത്യ നൽകിയ സഹായങ്ങൾ നന്ദിപൂർവം സ്മരിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയും ശ്രീലങ്ക മുൻ പ്രസിഡന്റ് ജയവർധനെയും 1987 ജൂലൈ 29ന് ഒപ്പിട്ട കരാറിനുശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളും പ്രതിരോധ കരാറുണ്ടാക്കുന്നത്. ഇപ്പോൾ ഒപ്പുവെച്ച പ്രതിരോധ ഉടമ്പടി രണ്ട് രാജ്യങ്ങളുടെയും തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിലെ നിർണായക ഘട്ടമാകുമെന്നാണ് വിലയിരുത്തൽ.