കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് ആലപ്പുഴയിൽനിന്ന് പിടിച്ച കേസില്‍ നടൻ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ തന്നെ പ്രതിയാക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നു പേടിയുണ്ടെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണം എന്നുമാണ് നടന്റെ ആവശ്യം. താൻ നിരപരാധിയാണെന്നും അറസ്റ്റിലായാൽ പ്രധാന വേഷത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിങ് മുടങ്ങുമെന്നും ഹർജിയിൽ പറയുന്നു.
2 കോടി രൂപയുടെ മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്‍ലിമ സുൽത്താന എന്ന ക്രിസ്റ്റീനയും കെ.ഫിറോസ് എന്നയാളും ഈ മാസമാദ്യം പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് സിനിമ മേഖലയിലെ ചിലർക്ക് ലഹരി മരുന്ന് എത്തിച്ചു നൽകിയിട്ടുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ശ്രീനാഥ് ഭാസിയാണ് ഇതിെലാരാൾ. തസ്‍ലിമയുടെ ഫോണിൽ ഇതിനുള്ള തെളിവുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ശ്രീനാഥ് ഭാസി ഉൾപ്പെടെ ഉള്ളവരെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം നവംബറിൽ കോഴിക്കോട് ഒരു ഷൂട്ടിങ് ലൊക്കേഷനിൽ വന്ന് ക്രിസ്റ്റീന എന്ന് പരിചയപ്പെടുത്തി തസ്‍ലിമ വന്നു കണ്ടിരുന്നു എന്ന് ശ്രീനാഥ് ഭാസിയുടെ ഹർജിയിൽ പറയുന്നു. ഫാൻ ആണെന്നു പറഞ്ഞാണ് മറ്റൊരു സുഹൃത്ത് വഴി പരിചയപ്പെടുന്നത്. നമ്പറും വാങ്ങിയിരുന്നു. ഇതിനു ശേഷം ഏപ്രിൽ ഒന്നിന് ‘കഞ്ചാവ് ആവശ്യമുണ്ടോ’ എന്ന് ചോദിച്ച് അപ്രതീക്ഷിതമായി തന്നെ വിളിക്കുകയായിരുന്നു എന്ന് ഹർജിയിൽ പറയുന്നു. കളിയാക്കുകയാണ് എന്നു കരുതി ഫോൺ വച്ചെന്നും ശ്രീനാഥ് ഭാസി പറയുന്നു. പിന്നാലെ ‘ആവശ്യമുള്ളത് ചെയ്തുകൊടുക്കണം’ എന്ന രീതിയിൽ മെസജ് വന്നു. കളിയാക്കുകയാണ് എന്നു കരുതി ‘വെയ്റ്റ്’ എന്ന് തിരച്ച് സന്ദേശം അയച്ചെന്നും ശ്രീനാഥ് ഭാസി പറയുന്നു. തസ്‍ലിമ അയച്ച മറ്റു മെസജുകൾക്കൊന്നും മറുപടി അയച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.