ടെക്സസ്: 12500 വര്‍ഷങ്ങള്‍ക്ക് മുമ്പ് വംശനാശം സംഭവിച്ച ഡയര്‍ വൂള്‍ഫ് എന്ന ചെന്നായ വിഭാഗത്തെ ജനിതക എഞ്ചിനീയറിങ്ങിലൂടെ പുനരുജ്ജീവിപ്പിച്ച് ശാസ്ത്രജ്ഞര്‍. ടെക്‌സാസ് ആസ്ഥാനമായ കൊളോസല്‍ ബയോസയന്‍സസ് എന്ന കമ്പനിയാണ് ഈ ശാസ്ത്രനേട്ടം കൈവരിച്ചത്. റോമുലസ്, റെമസ് എന്നാണ് ഈ ആണ്‍ ചെന്നായ്ക്കള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. ആറ് മാസം മാത്രം പ്രായമുള്ള ഇവയ്ക്ക് ഇതിനകം നാല് അടി നീളവും 36 കിലോഗ്രാമില്‍ കൂടുതല്‍ ഭാരവുമുണ്ട്. 2024 ഒക്ടോബര്‍ ഒന്നിനാണ് ഇവയുടെ ജനനം. 2025 ജനുവരിയില്‍ ഒരു പെണ്‍ ചെന്നായക്കും ജന്മം നല്‍കിയിട്ടുണ്ട്.
ഡയര്‍ വൂള്‍ഫിന്റെ പുരാതന ഡിഎന്‍എയും ക്ലോണിങും ജീന്‍ എഡിറ്റിങും ഉപയോഗപ്പെടുത്തിയാണ് അവയെ പുനരുജ്ജീവിപ്പിച്ചതെന്ന് കൊളോസല്‍ ബയോസയന്‍സസ് എന്ന കമ്പനി പറയുന്നു. ഡയര്‍വൂള്‍ഫുകളുടെ ജീവിച്ചിരിക്കുന്ന ഏറ്റവും അടുത്ത ബന്ധുവായ ഗ്രേ വൂള്‍ഫിന്റെ ഡിഎന്‍എ ശാസ്ത്രജ്ഞര്‍ ഇതിനായി ഉപയോഗപ്പെടുത്തി. ഗെയിം ഓഫ് ത്രോണ്‍സ് എന്ന സൂപ്പര്‍ ഹിറ്റ് വെബ്‌സീരീസിലൂടെ ഡയര്‍ വൂള്‍ഫുകള്‍ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഒരു കാലത്ത് വടക്കന്‍ അമേരിക്കയില്‍ വിഹരിച്ചിരുന്ന ഇരപിടിയന്‍ ജീവിയായിരുന്നു ഡയര്‍ വുള്‍ഫ്. ഇപ്പോഴുള്ള ഗ്രേ വൂള്‍ഫിനേക്കാള്‍ വലുപ്പമുള്ളവയും കട്ടിയുള്ള രോമങ്ങളും ശക്തിയേറിയ താടിയെല്ലും ഉള്ളവയായിരുന്നു ഇവ.
വംശനാശത്തില്‍ നിന്ന് പുനര്‍ജനിച്ച ഈ രണ്ട് ചെന്നായ്ക്കളും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് കമ്പനി പറയുന്നു. എന്നാല്‍ ഈ ചെന്നായ്കുട്ടികളും ജീവിച്ചിരിപ്പുള്ള മറ്റ് ചെന്നായ് വര്‍ഗങ്ങളും തമ്മില്‍ സ്വഭാവത്തില്‍ വ്യത്യാസമുണ്ടെന്നാണ് നിരീക്ഷണം. സാധാരണ നായ്കുട്ടികള്‍ മനുഷ്യരെ കാണുമ്പോള്‍ കാണിക്കുന്ന അടുപ്പവും പ്രസരിപ്പും ഇവ കാണിക്കുന്നില്ല. പകരം പേടിച്ച് പിന്‍വാങ്ങി നില്‍ക്കുകയാണ് ചെയ്യുന്നത്. ചെറുപ്പം തൊട്ടുതന്നെ ഇവരെ പരിപാലിക്കുന്നവരോട് പോലും ഇവ അടുപ്പം കാണിക്കുന്നില്ല. ഡയര്‍ വുള്‍ഫുകളുടെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നാണിത്.
നിലവില്‍ 2000 ഏക്കര്‍ വരുന്ന ഭൂപ്രദേശത്താണ് ഇവയെ പാര്‍പ്പിച്ചിരിക്കുന്നത്. 10 അടി ഉയരത്തിലുള്ള വേലി കെട്ടി ഈ സ്ഥലം സംരക്ഷിച്ചിട്ടുണ്ട്. സുരക്ഷാ ജീവനക്കാരും ഡ്രോണുകളും നിരീക്ഷണക്യാമറകളും ഇവയെ നിരീക്ഷിച്ചുവരികയാണ്.

കൊളോസല്‍ ബയോസയന്‍സ് പുനരുജ്ജീവിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ജീവികളില്‍ ഒന്ന് മാത്രമായിരുന്നു ഡയര്‍വൂള്‍ഫ്. പ്രാചീന കാലത്ത് ജീവിച്ചിരുന്ന മാമത്ത്, ഡോഡോ, ടാസ്മാനിയന്‍ കടുവ എന്നിവയ്‌ക്കെല്ലാം പുനര്‍ജന്മം നല്‍കാനാണ് കമ്പനിയുടെ ഇനിയുള്ള പദ്ധതി. അതിനുള്ള ജോലികള്‍ നടക്കുന്നുമുണ്ട്.