ബീജിംഗ്: ചൈനീസ് ഉത്പന്നങ്ങൾക്ക് ട്രംപ് ഒറ്റയടിക്ക് 104 ശതമാനം തീരുവ ഈടാക്കിയതിന് അതേ നാണയത്തിൽ മറുപടിയുമായി ചൈന. അമേരിക്കൻ ഉത്പന്നങ്ങൾക്ക് നാളെ മുതൽ 84 ശതമാനം തീരുവ പ്രഖ്യാപിച്ചാണ് ചൈനീസ് തിരിച്ചടി.
നാളെ മുതൽ ചൈനയിലെ യു എസ് ഉത്പന്നങ്ങളുടെ തീരുവ 34 ശതമാനത്തി ൽ നിന്ന് 84 ശതമാനമായി ഉയരുമെന്ന് സ്റ്റേറ്റ് കൗൺസിലിന്റെ താരിഫ് കമ്മീഷൻ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ചൈനക്ക് മേൽ 104 ശതമാനം താരിഫ് അമരിക്ക നടപ്പിലാക്കിയതോടെയാണ് തിരിച്ചടിക്കാൻ ചൈന തീരുമാനിച്ചത്. ഇതോടെ വ്യാപാര യുദ്ധം കനക്കുകയും ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകം നീങ്ങുകയും ചെയ്തേക്കുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.
അമേരിക്കയുടെ പകരത്തീരുവ നയം ഇന്ത്യൻ സമയം ഇന്ന് രാവിലെ മുതലാണ് നടപ്പായത്. ചൈനയും ഇന്ത്യയും അടക്കം 86 രാജ്യങ്ങൾക്കെതിരെയാണ് ട്രംപ് വൻ തീരുവകൾ ചുമത്തിയിരിക്കുന്നത്. അമേരിക്ക- ചൈന ഏറ്റുമുട്ടൽ ലോകത്തെ എറ്റവും വലിയ കയറ്റുമതി രാജ്യവും എറ്റവും വലിയ ഇറക്കുമതി രാജ്യവും തമ്മിലുള്ള വ്യാപാരയുദ്ധത്തിലേക്കാണ് എത്തിത്തിയിരിക്കുന്നത്