ബെയ്ജിങ്: അമേരിക്കന്‍ തീരുവയ്‌ക്കെതിരേ തിരിച്ചടിച്ച് ചൈന. യുഎസ് ഉത്പന്നങ്ങള്‍ക്കു മേല്‍ 125 ശതമാനം തീരുവ ചുമത്തുമെന്ന് ചൈന പ്രഖ്യാപിച്ചു. ശനിയാഴ്ച മുതല്‍ പുതിയ തീരുവ നിലവില്‍ വരും. ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് ഉത്പന്നങ്ങള്‍ക്കുമേല്‍ ചൈന ചുമത്തിയിരുന്ന 84 ശതമാനത്തില്‍നിന്നാണ് കുത്തനെയുള്ള ഈ വര്‍ധന.
അമേരിക്ക ചൈനയ്ക്കു മേല്‍ ചുമത്തുന്ന അസാധാരണമായ ഉയര്‍ന്ന തീരുവ അന്താരാഷ്ട്ര വ്യാപാര നിയമങ്ങളുടെയും അടിസ്ഥാനപരമായ സാമ്പത്തിക ചട്ടങ്ങളുടെയും സാമാന്യയുക്തിയുടെയും ലംഘനമാണെന്ന് ചൈനയുടെ സ്റ്റേറ്റ് കൗണ്‍സില്‍ താരിഫ് കമ്മിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
അമേരിക്കന്‍ നയത്തിനെതിരേ തങ്ങള്‍ക്കൊപ്പം ചേരാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് യൂറോപ്യന്‍ യൂണിയന്റെ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെ തീരുവ ഉയര്‍ത്തിക്കൊണ്ടുള്ള നീക്കം. നിലവില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്കുമേല്‍ യുഎസ് ചുമത്തിയിരിക്കുന്നത് 145 ശതമാനം നികുതിയാണ്.