ന്യൂഡൽഹി: ഇന്ത്യയുടെ രണ്ടാമത്തെ ചൊവ്വാ ദൗത്യമായ മംഗൾയാൻ-2 ന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് ഐഎസ്ആര്‍ഓ. ആദ്യ ദൗത്യത്തിൽ നിന്ന് വ്യത്യസ്തമായി ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങുന്ന ലാൻഡറും ഹെലികോപ്റ്ററും ഉൾപ്പെടുന്ന ദൗത്യമാണിത്. ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. വി. നാരായണനാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്.
4,500 കിലോഗ്രാം ഭാരമുള്ള പേടകം എൽ.വി.എം 3 റോക്കറ്റിലാണ് വിക്ഷേപിക്കുക. ആദ്യം ഇത് ഭൂമിയുടെ അടുത്തുള്ള ഭ്രമണപഥത്തിലെത്തും. അവിടെനിന്ന് ക്രൂയിസ് സ്റ്റേജും ഡിസെന്റ് സ്റ്റേജും ചേർന്ന മൊഡ്യൂൾ മാസങ്ങൾ നീണ്ട ചൊവ്വയിലേക്കുള്ള യാത്ര ആരംഭിക്കും. പേടകത്തെ ഭൂമിയിൽ നിന്ന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നത് ക്രൂയിസ് സ്റ്റേജ് ആയിരിക്കും.
മംഗൾയാൻ-2 ചൊവ്വയുടെ അടുത്തെത്തുമ്പോൾ ഡിസെന്റ് സ്റ്റേജ് ക്രൂയിസ് സ്റ്റേജിൽ നിന്ന് വേർപെട്ട് ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് നേരിട്ട് പ്രവേശിക്കും. സാധാരണയായി മറ്റു ദൗത്യങ്ങളിൽ ഭ്രമണപഥത്തിൽ കറങ്ങിയ ശേഷമാണ് ലാൻഡിങ് നടത്താറുള്ളത്. എന്നാൽ മംഗൾയാൻ-2 ഈ രീതി ഒഴിവാക്കി നേരിട്ടുള്ള ലാൻഡിംഗ് നടത്തും. അത്യന്തം സങ്കീർണ്ണമായ ഒരു സാങ്കേതിക വിദ്യയാണ് ഐ.എസ്.ആർ.ഒ ഇതിനായി ഉപയോഗിക്കുന്നത്.
ഈ അതിവേഗത്തിലുള്ള ലാൻഡിംഗിന്റെ വേഗത കുറയ്ക്കുന്നതിനായി എയ്റോബ്രേക്കിംഗ് എന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ചൊവ്വയുടെ അന്തരീക്ഷത്തിന്റെ സഹായത്തോടെ ലാൻഡറിന്റെ വേഗത കുറയ്ക്കുക എന്ന രീതിയാണ് അവലംബിക്കുക.
തീവ്രമായ ചൂടിനെ പ്രതിരോധിക്കാൻ ശേഷിയുള്ള പുറംകവചവും സൂപ്പർസോണിക് പാരഷൂട്ടുകളും ഇതിനായി ഉപയോഗിക്കും. ഇവ അന്തരീക്ഷത്തിന്റെ ഘർഷണത്തെ അതിജീവിച്ച് പേടകത്തിന്റെ വേഗത ഗണ്യമായി കുറയ്ക്കും. ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 1.3 കിലോമീറ്റർ മുകളിൽ എത്തുമ്പോൾ ലാൻഡിംഗ് ദൗത്യത്തിന്റെ അവസാനഘട്ടം ആരംഭിക്കും. ഇവിടെ ലാൻഡറിലെ എൻജിനുകൾ പ്രവർത്തിപ്പിച്ച്, നിയന്ത്രിതവും കൃത്യവുമായ ലാൻഡിംഗ് ഉറപ്പാക്കും.
മംഗൾയാൻ-2 വിജയിച്ചാൽ, മറ്റൊരു ഗ്രഹത്തിൽ ലാൻഡിംഗ് നടത്തുന്ന ആദ്യ ഇന്ത്യൻ ദൗത്യമായി ഇത് മാറും. ഈ നേട്ടം കൈവരിക്കുന്ന ചുരുക്കം രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം നേടും. വിക്ഷേപണ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, സാങ്കേതികമായി ഏറെ വെല്ലുവിളികൾ നിറഞ്ഞതും ധീരവുമായ ഈ ദൗത്യം ചൊവ്വയെക്കുറിച്ച് കൂടുതൽ പഠിക്കാൻ സഹായിക്കുമെന്നും ഇത് ഇന്ത്യൻ ബഹിരാകാശ പദ്ധതിക്ക് ഒരു നിർണ്ണായക ചുവടുവെപ്പാണെന്നും വിലയിരുത്തപ്പെടുന്നു.
2013-ൽ വിക്ഷേപിച്ച മംഗൾയാൻ-1, ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിയ ഇന്ത്യയുടെ ആദ്യ ദൗത്യമായിരുന്നു. കുറഞ്ഞ ചെലവിൽ, അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ ഈ ദൗത്യം ലോകശ്രദ്ധ നേടി. ചൊവ്വയുടെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് വിലപ്പെട്ട വിവരങ്ങൾ നൽകാനും മംഗൾയാൻ-1 ന് സാധിച്ചു.