ബ്രസൽസ്: റഷ്യയുമായി ഒത്തുതീർപ്പിനു യുഎസ് ശ്രമിക്കുമ്പോൾ, യുദ്ധത്തിൽ യുക്രെയ്നിന് മുഴുവൻ പാശ്ചാത്യപിന്തുണയും ഉണ്ടാകുമെന്നു ജർമനിയും ബ്രിട്ടനും പ്രഖ്യാപിച്ചു. യുഎസ് പിന്മാറിയശേഷം ഇതാദ്യമായി 50 രാജ്യങ്ങളുടെ കൂട്ടായ്മ നാറ്റോ ആസ്ഥാനത്തു യോഗം ചേർന്നാണു യുക്രെയ്നിനു സൈനികപിന്തുണ പ്രഖ്യാപിച്ചത്.
റഷ്യയ്ക്കെതിരായ യുദ്ധത്തിൽ യുക്രെയ്നിനു കൂടുതൽ ആയുധങ്ങൾ നൽകുമെന്നും ബ്രിട്ടനും ജർമനിയും പ്രഖ്യാപിച്ചു. റഡാറുകൾ, ടാങ്ക്‌വേധ മൈനുകൾ, ഡ്രോണുകൾ എന്നിവ നൽകാനായി നോർവേയുമായി ചേർന്ന് 58 കോടി ഡോളർ ബ്രിട്ടൻ ചെലവഴിക്കും. 4 വ്യോമപ്രതിരോധ സംവിധാനം, 300 മിസൈലുകൾ എന്നിവയടക്കം ആയുധങ്ങൾ ജർമനിയും നൽകും.
അതിനിടെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് റഷ്യയിലേക്കു പുറപ്പെട്ടു. ട്രംപ് മുൻകയ്യെടുത്ത് ആരംഭിച്ച സമാധാനചർച്ചയിൽ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണു മൂന്നാം വട്ടം വിറ്റ്കോഫിന്റെ റഷ്യാസന്ദർശനം. സെന്റ് പീറ്റേഴ്സ്ബർഗിൽ പുട്ടിന്റെ പ്രതിനിധി കിറിൽ ദിമിത്രീവുമായി ചർച്ച നടത്തും. ട്രംപ്–പുട്ടിൻ കൂടിക്കാഴ്ച സംബന്ധിച്ചും തീരുമാനമുണ്ടായേക്കും.
റഷ്യയുടെ അടുത്ത സഖ്യകക്ഷികളായ ചൈന, ഇറാൻ എന്നീ രാജ്യങ്ങളുമായി ട്രംപ് ഭരണകൂടത്തിന്റെ ബന്ധം വഷളായിനിൽക്കുകയാണ്. ഇന്ന് ഒമാനിൽ ഇറാൻ നയതന്ത്രജ്ഞരുമായുള്ള ചർച്ചയ്ക്കുശേഷമാണു വിറ്റ്കോഫ് റഷ്യയിലേക്കു പോകുക.