കോഴിക്കോട്: കോഴിക്കോട് അതിരൂപതയായി ഉയര്‍ത്തി. ആര്‍ച്ച് ബിഷപ്പായി ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ നിയമിതനായി. വത്തിക്കാനിലും കോഴിക്കോടും ഒരേ സമയം അതിരൂപതയായി ഉയര്‍ത്തുന്നതിന്റെ പ്രഖ്യാപനം നടത്തി. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് പ്രഖ്യാപനം നടത്തിയത്. തലശ്ശേരി അതിരൂപതാ മെത്രാപ്പൊലീത്ത മാര്‍ ജോസഫ് പാംപ്ലാനി മാര്‍പാപ്പയുടെ പ്രഖ്യാപനം വായിച്ചു. കണ്ണൂര്‍ രൂപതാ ബിഷപ് അലക്‌സ് വടക്കുംതല മാര്‍പാപ്പയുടെ സന്ദേശത്തിന്റെ മലയാള പരിഭാഷ വായിച്ചു.
കണ്ണൂര്‍, സുല്‍ത്താന്‍പേട്ട് രൂപതകള്‍ ഇനി കോഴിക്കോട് അതിരൂപതയുടെ കീഴിലായിരിക്കും. ലബാറിന് ലഭിച്ച ഓശാന സമ്മാനമാണ് കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയര്‍ത്തിയതെന്ന് മാര്‍ ജോസഫ് പാംപ്ലാനി ആശംസയര്‍പ്പിച്ചുകൊണ്ട് പറഞ്ഞു. മലബാറിലെ കുടിയേറ്റ ജനതയ്ക്ക് ലഭിച്ച വലിയ അംഗീകാരമാണ്. അതിരൂപത പദവിയും ആര്‍ച്ച് ബിഷപ് പദവിയും ഒരുമിച്ച് ലഭിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ രൂപതാ മെത്രാന്‍ അലക്‌സ് വടക്കുംതല, താമരശ്ശേരി രൂപതാ മെത്രാന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, സുല്‍ത്താന്‍ പേട്ട് മെത്രാന്‍ ആന്റണി സാമി തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, എം.കെ.രാഘവന്‍ എം.പി, ടി.സിദ്ദിഖ് എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളെത്തി ആശംസകള്‍ അര്‍പ്പിച്ചു.