ന്യൂഡൽഹി: പിഞ്ചു കുഞ്ഞുങ്ങളെ വരെ തട്ടിയെടുത്ത് വില്പന നടത്തുന്ന അന്തർസംസ്ഥാന മനുഷ്യക്കടത്ത് സംഘത്തെ പൊലീസ് പിടികൂടി. ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കുട്ടികളെ തട്ടിയെടുക്കുന്ന സംഘത്തെയാണ് പിടികൂടിയത്.
ഇവരിൽനിന്ന് നാലുദിവസം പ്രായമായ കുഞ്ഞിനെയും പൊലീസ് കണ്ടെത്തി. കുഞ്ഞുങ്ങനെ പലയിടങ്ങളിൽ നിന്ന് തട്ടിയെടുത്ത് ഡൽഹിയിൽ വിൽക്കാനുള്ള ശ്രമത്തിനിടയാണ് സംഘാംഗങ്ങൾ പിടിയിലായത്.സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്. രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതുവരെ 35ഓളം കുട്ടികളെ ഈ സംഘം കടത്തിയതായാണ് സൂചന.
ഈ കുട്ടികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. ദ്വാരകയിൽ ഒരു കുഞ്ഞിനെ വിൽപന നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസിന് കിട്ടിയ രഹസ്യവിവരമാണ് വൻ സംഘത്തിനെ കുരുക്കാൻ ഇടയാക്കിയത്ഗുജറാത്തിലെയും രാജസ്ഥാനിലെയും വിദൂര ഗ്രാമങ്ങളും ആശുപത്രികളും ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രവർത്തനം.
കുട്ടികളെ തട്ടിക്കൊണ്ടുവന്ന ശേഷം ഡൽഹിയിലെ ചേരി പ്രദേശങ്ങളിൽ എത്തിച്ച് അവിടെ താമസിപ്പിക്കുകയും പിന്നീട് വിൽക്കുകയും ചെയ്യുകയായിരുന്നു ഇവരുടെ രീതി. കുട്ടികളില്ലാത്ത ദമ്പതികളിൽ നിന്ന് പത്ത് ലക്ഷം വരെ രൂപ വാങ്ങിയാണ് ഇങ്ങനെ വിൽപ്പന നടത്തിയിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.