തിരുവനന്തപുരം : കാര്‍ഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സാഹോദര്യത്തിന്റെയും ഓര്‍മകള്‍ പുതുക്കി മലയാളികള്‍ വിഷു ആഘോഷത്തില്‍. കണിക്കൊന്ന പൂത്തലുലഞ്ഞു നില്കുന്ന സുന്ദര കാഴ്ച്ചകള്‍ക്കു നടുവിലുള്ള വിഷു ആഘോഷം ഓരോ മലയാളിക്കും സമ്മാനിക്കുന്നത് നൂറു നൂറ് ഓര്‍മകള്‍.
പൂകണിക്കൊപ്പം കൈനീട്ടവും നല്‍കി നാടും നഗരവുമെല്ലാം വിഷു ആഘോഷ തിരക്കിലായി. സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം പുലര്‍ച്ചെ തന്നെ ദര്‍ശനത്തിനായി ഭക്തരെ കൊണ്ട് നിറഞ്ഞു. ശബരിമലയിലും ഗുരുവായൂരുമെല്ലാം വന്‍ ഭക്തജന തിരക്കാണ്. വിഷുക്കണി ദര്‍ശനത്തിനായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ മുതല്‍ ഭക്തര്‍ എത്തിത്തുടങ്ങി. പുലര്‍ച്ചെ 2.45 മുതല്‍ വിഷുക്കണി ദര്‍ശനം ആരംഭിച്ചു. മേല്‍ശാന്തി കവപ്രമാറത്ത് അച്യുതന്‍ നമ്പൂതിരി ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കി.
ശബരിമലയിലും ഭക്തജനത്തിരക്കുണ്ട്. നട തുറന്ന് തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കി. പുലര്‍ച്ചെ നാലു മുതല്‍ ഏഴുവരെയായിരുന്നു ദര്‍ശനം. ശബരിമല ദര്‍ശനത്തിനായി 30000 പേര്‍ ബുക്ക് ചെയ്തിരുന്നു. തീര്‍ത്ഥാടനത്തിന് എത്തിയ ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കി. വിഷു പ്രമാണിച്ച് ശബരിമലയില്‍ പ്രത്യേക പൂജകളുണ്ട്.