സിഡ്നി: ഗുജറാത്ത് ഉള്‍പ്പെടെ ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഓസ്ട്രേലിയന്‍ സര്‍വകലാശാലകളില്‍ പ്രവേശനത്തിന് കര്‍ശന നിയന്ത്രണവുമായി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. വിദ്യാര്‍ഥി വീസ കുടിയേറ്റത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കം.
ഗുജറാത്ത് കൂടാതെ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് നിയന്ത്രണം. വിദ്യാര്‍ഥി വീസ വ്യാപകമായി ദുരുപയോഗം ചെയ്തുവെന്നു കണ്ടെത്തിയ സര്‍വകലാശാലകളാണ് ആദ്യഘട്ടത്തില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
ഈ സര്‍വകലാശാലകളിലേയ്ക്കുള്ള വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ അതിസൂക്ഷ്മമായി പരിശോധിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. കൂടാതെ വേണമെങ്കില്‍ അപേക്ഷാ നടപടികള്‍ നിര്‍ത്തിവെയ്ക്കുകയും ചെയ്യാം. ഇത്തരമൊരു നീക്കം പലതരത്തിലുള്ള ആശയക്കുഴപ്പത്തിനു ഇടയാക്കുമെന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദേശ പഠനത്തിനായി ആശ്രയിക്കുന്ന പ്രധാന വിദേശ രാജ്യങ്ങളില്‍ ഒന്നാണ് ഓസ്ട്രേലിയ.