ന്യൂഡൽഹി: ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്കാര ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. ഇന്ന് റോമിലെത്തുന്ന രാഷ്ട്രപതി വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപ്പാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിക്കും. നാളെ നടക്കുന്ന കബറടക്ക ചടങ്ങിൽ രാഷ്ട്രപതി ഇന്ത്യയെ പ്രതിനിധീകരിക്കും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കൂടിയാലോചനയിലാണ് ഏറ്റവും ഉന്നതതലത്തിൽ തന്നെ ഇന്ത്യയുടെ പ്രാതിനിധ്യം ഉണ്ടാകണം എന്ന് നിശ്ചയിച്ചത്. മാർപ്പാപ്പയോടുളള ആദരസൂചകമായി മൂന്ന് ദിവസം ദുഖാചരണം പ്രഖ്യാപിച്ചിരുന്നു. കബറടക്കം നടക്കുന്ന നാളെയും ദുഖാചരണത്തിനാണ് നിശ്ചയിച്ചിരിക്കുന്നത്. അനുകമ്പയുടെയും സേവനത്തിന്‍റെയും പ്രതീകമായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പയെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അനുസ്മരിച്ചു
അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയെ അവസാനമായി ഒരുനോക്ക് കാണാൻ ലോകമെമ്പാടും നിന്ന് വത്തിക്കാനിലേക്ക് ജനപ്രവാഹമാണ്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തി അന്ത്യാഞ്ജലി അർപ്പിക്കുന്നത് ആയിരങ്ങളാണ്. ശനിയാഴ്ച സംസ്കാരത്തിന് തൊട്ടു മുമ്പ് അന്തിമോപചാരം അർപ്പിക്കാനുള്ള അവസാന അവസരം അശരണരുടെ സംഘത്തിനായിരിക്കുമെന്ന് വത്തിക്കാൻ വ്യക്തമാക്കി. മാർപാപ്പയുടെ സംസ്കാരം നടക്കുന്ന ശനിയാഴ്ച ഇന്ത്യയിലും ഔദ്യോഗിക ദുഃഖാചരണമായിരിക്കും. ഇന്ത്യൻ സമയം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാര ചടങ്ങുകൾ. വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് ചടങ്ങുകൾ നടത്തുക. ലോക രാഷ്ട്ര തലവൻമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും.