ടെഹ്റാൻ: ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയര്‍ന്നു. സ്ഫോടനത്തിൽ 750ഓളം പേര്‍ക്ക് പരിക്കേറ്റു. അതിശക്തമായ സ് ഫോടനത്തിൽ തുറമുഖത്തിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വലിയ നാശനഷ്ടം ഉണ്ടായി. സംഭവത്തിൽ ഇറാൻ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു. . ഇറാൻ പ്രസിഡന്‍റ് ആണ് ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടത്.
സ്ഫോടനത്തെ തുടർന്ന് പിടിപെട്ട തീ കൂടുതൽ മേഖലയിലേക്ക് പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നു പ്രസിഡന്‍റ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം കൂടുതലായതിനാൽ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക. സ്ഫോടനത്തിന്‍റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല.
കണ്ടെയ്നറുകള്‍ക്കുള്ളിൽ രാസവസ്തുക്കളുണ്ടായിരുന്നുവെന്നും ഇതാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഇറാൻ വക്താവ് ഹൊസൈൻ സഫാരി വാര്‍ത്താഏജന്‍സിയോട് വ്യക്തമാക്കിയത്. എന്നാൽ, യഥാര്‍ത്ഥ കാരണം എന്താണെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നും വക്താവ് പറഞ്ഞു. ഇതിനിടെ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചതാകാമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സ്ഫോടനത്തിന് പിന്നാലെ ബന്ദർ അബ്ബാസ് തുറമുഖത്തിന്‍റെ പ്രവർത്തനം നിർത്തിവച്ചിട്ടുണ്ട്.