ബന്ദർ അബ്ബാസ്: ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തിൽ സ്ഫോടനത്തിന് പിന്നാലെയുണ്ടായ തീപിടുത്തം ഒരുദിവസം പിന്നിട്ടിട്ടും പൂർണമായി അണയ്ക്കാൻ കഴിഞ്ഞില്ല. രാജ്യത്തിന്റെ തന്ത്ര പ്രധാനമേഖലയിലുണ്ടായ സ്ഫോടനത്തിൽ മരണ സംഖ്യ ഇതിനോടകം 28 ആയിട്ടുണ്ട്. ആയിരത്തിലേറെ പേരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.
ബന്ദർ അബ്ബാസ് തുറമുഖത്തിന്റെ ഷഹീദ് റജയി മേഖലയിലാണ് സ്ഫോടനവും ശക്തമായ തീപിടുത്തവും ഉണ്ടായത്. ഇറാന്റെ വ്യാപാര മേഖലയിലെ ഏറ്റവും പ്രധാന തുറമുഖത്താണ് വലിയ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന് പിന്നാലെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ മേഖലയിലേക്ക് എത്തിയിരുന്നു. രാജ്യത്തിന്റെ വ്യാപാരമേഖലയിൽ നിർണായകമായ മേഖല കനത്ത പുകയിൽ മുങ്ങിയ അവസ്ഥയിലാണ് നിലവിലുള്ളത്. അന്തരീക്ഷ മലിനീകരണം രൂക്ഷമായതിന് പിന്നാലെ മേഖലയിലെ ഓഫീസുകളും സ്കൂളുകളും അടച്ചു. മറ്റൊരു അറിയിപ്പ് വരുന്നത് വരെ വീടുകൾക്ക് പുറത്തിറങ്ങരുതെന്നാണ് ആരോഗ്യ മന്ത്രാലയം വിശദമാക്കിയിട്ടുള്ളത്.
തീപിടുത്തത്തിനു പിന്നാലെ സഹായവുമായി റഷ്യ രംഗത്ത് എത്തി. നിരവധി എമർജൻസി സർവീസ് വിമാനങ്ങളെയാണ് റഷ്യ മേഖലയിലേക്ക് അയച്ചിട്ടുള്ളത്. സ്ഫോടനം നടന്ന് 24 മണിക്കൂർ പിന്നിട്ട ശേഷവും തുറമുഖത്തെ അഗ്നിബാധ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. ഇറാന്റെ തെക്കൻ മേഖലയിലാണ് തുറമുഖം സ്ഥിതി ചെയ്യുന്നത്.