ഇസ്ലാമാബാദ്: ഇന്ത്യയുമായി മൂന്ന് ദിവസത്തിനുള്ളില്‍ യുദ്ധത്തിന് സാധ്യതയെന്ന് പാകിസ്താന് പ്രതിരോധവകുപ്പ് മന്ത്രി ഖ്വാജ ആസിഫ്. പാകിസ്താന് മന്ത്രിസഭ അടിയന്തര യോഗം വിളിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ ഉടന്‍ തിരിച്ചടിക്കുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചെന്ന അവകാശവാദവുമായി പാകിസ്താന് മന്ത്രി അട്ടത്തുള്ള തരാറും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിന് പിന്നാലെ എക്സിലൂടെയാണ് പാക് മന്ത്രിയുടെ പ്രതികരണം. അടുത്ത 24 മുതല്‍ 36 മണിക്കൂറിനുള്ളില്‍ സൈനിക ആക്രമണമുണ്ടായേക്കാമെന്നാണ് പാക് മന്ത്രിമാരുടെ പ്രതികരണം.
ഇന്ത്യയുടെ ആക്രമണം ആസന്നമാണെന്ന് ഖ്വാജ ആസിഫ് മുന്‍പ് തന്നെ പ്രതികരിച്ചിരുന്നു. ഇന്ത്യക്കെതിരെ ചില നീക്കങ്ങള്‍ നടത്താന്‍ പാകിസ്താന് ആര്‍മി സര്‍ക്കാരിനോട് അനുമതി തേടിയെന്നുള്ള ചില സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പാകിസ്താന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, പാകിസ്താന് തിരിച്ചടി നല്കുന്ന കാര്യത്തില്‍ സേനാവിഭാഗങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ഇന്നലെ ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രി നല്‍കിയിരുന്നു. തിരിച്ചടിയുടെ രീതി, ലക്ഷ്യം, സമയം എന്നിവ സേനാ വിഭാഗങ്ങള്‍ക്ക് തീരുമാനിക്കാം. സേനാ വിഭാഗങ്ങളുടെ തയ്യാറെടുപ്പുകളിലും മികവിലും പൂര്‍ണ്ണതൃപ്തനെന്നും വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.