വാഷിംഗ്ടൺ: താനാണ് രാജ്യം ഭരിക്കുന്നതെന്നും ലോകം നിയന്ത്രിക്കുന്നതെന്നും അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അറ്റ്ലാന്റിക് മാഗസിനു നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ അവകാശവാദം.ആദ്യ തവണ അധികാരത്തിലെത്തിയപ്പോൾ രാജ്യം ഭരിക്കുകയും ഒപ്പം തന്നെ നേരിടാൻ വന്ന ‘കള്ളന്മാരെ’ അതിജീവിക്കുകയുമായിരുന്നു പ്രധാന ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു. എന്നാൽ രണ്ടാം വരവിൽ കാര്യങ്ങൾ മാറിമറിഞ്ഞെന്നും രാജ്യവും ലോകവും ഇപ്പോൾ തൻ്റെ വരുതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈറ്റ് ഹൗസിൽ തിരിച്ചെത്തിയതിൻ്റെ ആദ്യ 100 ദിവസങ്ങളിൽ തന്നെ ഞെട്ടിക്കുന്ന നിരവധി തീരുമാനങ്ങളാണ് ട്രംപ് കൈക്കൊണ്ടത്. തന്റെ നയപരമായ ലക്ഷ്യങ്ങൾ ഏകപക്ഷീയമായി നേടുന്നതിനും രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രതികാരം തേടുന്നതിനുമായി നൂറ്റിനാല്പത്തിലധികം
എക്സിക്യൂട്ടീവ് ഉത്തരവുകളിലാണ് അധികാരമേറിയ 100 ദിവസങ്ങൾക്കുള്ളിൽ ട്രംപ് ഒപ്പുവെച്ചത്.