കൊച്ചി: സ്വര്‍ണ വ്യാപാരത്തിന് പുതിയ ചട്ടക്കൂട്, സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ പൂര്‍ണ നിയന്ത്രണത്തില്‍ (സെബി). സ്വര്‍ണത്തെ ഇലക്ട്രോണിക് ഗോള്‍ഡ് രസീതുകളാക്കി (ഇ.ജി.ആര്‍) മാറ്റാനും സാധാരണ സ്‌റ്റോക്ക് പോലെ എക്‌സ്‌ചേഞ്ചുകള്‍ വഴി ട്രേഡ് ചെയ്യാനും വിണ്ടും എളുപ്പത്തില്‍ ഫിസിക്കല്‍ സ്വര്‍ണമാക്കി മാറ്റാനും കഴിയുന്ന ഒരു സംവിധാനമാണ് സെബി വിഭാവനം ചെയ്യുന്നത് എന്ന് സ്വര്‍ണ വ്യാപാരികള്‍ പറയുന്നു.
കഴിഞ്ഞ ആഴ്ച സെബി ഒരു കണ്‍സള്‍ടേഷന്‍ പേപ്പര്‍ പുറത്തിറക്കിയിട്ടുണ്ട്. ജൂണ്‍ 18 വരെ പൊതുജനങ്ങള്‍ക്ക് അതില്‍ അവരുടെ അഭിപ്രായം രേഖപ്പെടുത്താം. അതിന് ശേഷമായിരിക്കും അന്തിമ ഘടന രൂപീകരിക്കുകയെന്നും വ്യാപാരികള്‍ പറഞ്ഞു.
വോള്‍ട് മാനേജര്‍, ക്ലിയറിംഗ് കോര്‍പറേഷന്‍, ഡിപ്പോസിറ്ററി, എക്‌ചേഞ്ചുകള്‍ തുടങ്ങിയ ഇടനിലക്കാര്‍ വഴിയാണ് സ്വര്‍ണ വ്യാപാരം ഇലക്ട്രോണിക് ഗോള്‍ഡ് രസീത് വഴി നടക്കുന്നത്. 50 കോടി രൂപ അറ്റ ആസ്തിയുള്ള സ്ഥാപനങ്ങള്‍ക്ക് സെബി രജിസ്‌ട്രേഡ് വോള്‍ട് മാനേജര്‍ ആകാന്‍ അപേക്ഷിക്കാം.
ഒരാള്‍ക്ക് ഭൗതിക സ്വര്‍ണത്തെ ഇ.ജി.ആര്‍ ആക്കി മാറ്റുന്നതിന് വോള്‍ട് മാനേജരെ സമീപിക്കാം. വോള്‍ട് മാനേജര്‍ ഫിസിക്കല്‍ സ്വര്‍ണത്തെ ഇ.ജി.ആര്‍ ആയി മാറ്റി ഒരു അന്താരാഷ്ട്ര സെക്യൂരിറ്റി ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (ISIN) നല്‍കും. അതിനു ശേഷം ഇ.ജി.ആര്‍നിലവിലുള്ള എക്‌സ്‌ചേഞ്ചുകളിലൂടെ ട്രേഡ് ചെയ്യാന്‍ സാധിക്കും.
മാത്രമല്ല ഇ.ജി.ആര്‍നെ വളരെ എളുപ്പത്തില്‍ വോള്‍ട് മാനേജര്‍ വഴി T+1 day (Trading Day + 1 day)യില്‍ വിണ്ടും ഫിസിക്കല്‍ സ്വര്‍ണമാക്കി മാറ്റുവാനും സാധിക്കും.
നിലവില്‍ എം.സി.എക്‌സ് അടക്കമുള്ള കമ്മോഡിറ്റി എക്‌സ്‌ചേഞ്ചുകളില്‍ ഡെറിവേറ്റീവ് കോണ്‍ട്രാക്ടുകള്‍ ആണ് ട്രേഡ് ചെയ്യുന്നത്. അത് കാലാവധിയെത്തുന്ന സമയത്ത് മാത്രമേ ഡെലിവറി സാധ്യമാകൂ എന്നും വ്യാപാരികള്‍ പറയുന്നു.
800-900 ടണ്‍ വാര്‍ഷിക ഡിമാന്‍ഡുള്ള ഇന്ത്യക്ക് അന്തര്‍ ദേശിയ വിലനിര്‍ണയത്തില്‍ കാര്യമായ പങ്കില്ല. ആഗോളതലത്തില്‍ ചൈനക്കു ശേഷം രണ്ടാമത്തെ ഉപഭോക്താവ് ആണ് എങ്കില്‍ പോലും. ഈ സഹചര്യത്തിലാണ് പുതിയ ഒരു സ്‌പോട് എക്‌ചേഞ്ചിന്റെ പ്രസക്തി.
വിദേശ ഫോര്‍ട് ഫോളിയോ നിക്ഷേപകര്‍, റിട്ടെയില്‍ നിക്ഷേപകര്‍, ബാങ്കുകള്‍, ബല്യണ്‍ ഡിലര്‍മാര്‍, ജ്വല്ലറികള്‍ തുടങ്ങിയവരെ ട്രേഡ് ചെയ്യാന്‍ അനുവദിക്കും. ഒരു കിലോഗ്രാം, 100 ഗ്രാം, 50 ഗ്രാം തുടങ്ങിയ അളവിലായിരിക്കാം തുടക്കത്തില്‍ വ്യപാരം അനുവദിക്കുന്നത്.
സെബിയുടെ ഈ നീക്കം കാര്യക്ഷമവും സുതാര്യവുമായ ആഭ്യന്തര സ്വര്‍ണ സ്‌പോട് വിലയും ഡെലിവറിയും ഉറപ്പ് വരുത്തും. അതുപോലെ മികച്ച ഗുണ നിലവാരവും, മറ്റ് സാമ്പത്തിക വിപണികളുമായുള്ള സമന്വയവും നടപ്പിലാകും.രാജ്യത്തെ സ്വര്‍ണത്തിന്റെ പുനരുപയോഗം വര്‍ധിക്കാന്‍ ഇത്തരമൊരു സംവിധാനം വളരെ ഉപകാരപ്രദമാവും.
സ്വര്‍ണ മേഖലയില്‍ സെബിയെ പോലുള്ള ഒരു റെഗുലേറ്ററുടെ കടന്നു വരവ് ഈ മേഖലയെ കൂടുതല്‍ നിയമാനുസൃതവും, സുതാര്യവും കാര്യക്ഷമവുമാക്കും എന്നു മാത്രമല്ല നിലവില്‍ വില നിര്‍ണയത്തിലും ഡെലിവറിയിലുമുള്ള അപാകതകള്‍ ദേശീയ തലത്തില്‍ പൂര്‍ണമായും കുറ്റമറ്റതാക്കപെടാം. ദേശീയ തലത്തില്‍ ഒരു ഏകീകൃത വിലയും വളരെ കൃത്യമായ ഒരു ഡെലിവറി സംവിധാനവും ഉറപ്പ് വരുത്താന്‍ നിര്‍ദിഷ്ട സ്‌പോട് എക്‌ചേഞ്ചിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.
സ്വര്‍ണ മേഖലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്താനുള്ള തുടക്കമായി ഇതിനെ കാണുന്നു. സ്വര്‍ണ വ്യാപാര മേഖലയുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചകള്‍ അനിവാര്യമാണെന്നും സംഘടന വ്യക്തമാക്കുന്നു.