തിരുവനന്തപുരം: കെ.പി.സി.സി. നടപ്പാക്കിയ 137 രൂപ ചലഞ്ച് പദ്ധതി ശനിയാഴ്ച അവസാനിപ്പിച്ചു. പദ്ധതിവഴി അമ്പതുകോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കോണ്‍ഗ്രസിന്റെ 137-ാം ജന്മദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 28-ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആദ്യസംഭാവന നല്‍കിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ക്യു.ആര്‍.കോഡ് സ്‌കാന്‍ ചെയ്തും ഡിജിറ്റല്‍ രീതിയിലും പണം അടയ്ക്കാനുള്ള സൗകര്യവും ഒരുക്കി. റിപ്പബ്ളിക് ദിനത്തില്‍ പദ്ധതി അവസാനിപ്പിക്കാനായിരുന്നു കെ.പി.സി.സി. ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ തീയതി ദണ്ഡിയാത്രയുടെ വാര്‍ഷികദിനമായ മാര്‍ച്ച് 12-ലേക്ക് മാറ്റി. കോവിഡ് മൂലമുണ്ടായ പ്രതിസന്ധികളും കാലാവധി ദീര്‍ഘിപ്പിക്കാന്‍ കാരണമായി. ലക്ഷ്യം കൈവരിക്കാന്‍വേണ്ടി പിന്നീട് അവസാനതീയതി ഏപ്രില്‍ മുപ്പതിലേക്ക് ദീര്‍ഘിപ്പിക്കുകയായിരുന്നു.
ഇടുക്കി, കോട്ടയം തുടങ്ങിയ ജില്ലകള്‍ ചലഞ്ചിലേക്കുള്ള പണമടയ്ക്കാന്‍ കെ.പി.സി.സി.യോട് സമയം നീട്ടിച്ചോദിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സമാഹരണം പൂര്‍ത്തിയായി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളിലും കെ.പി.സി.സി.യിലും ബാങ്ക് അക്കൗണ്ടിലേക്കും ചലഞ്ചിലെ പണം എത്തിയിട്ടുണ്ട്. സമയം നീട്ടിനല്‍കിയ ജില്ലകളിലേതടക്കമുള്ള കണക്കുകള്‍ പരിശോധിച്ച് ലഭിച്ച തുക കണക്കാക്കാനുള്ള തയ്യാറെടുപ്പിലാണ് കെ.പി.സി.സി. ഐ.എന്‍.ടി.യു.സി. ഒരുകോടി പത്തുലക്ഷംരൂപയാണ് 137 രൂപ ചലഞ്ചിലേക്ക് നല്‍കിയത്.
പദ്ധതിക്ക് ഡിജിറ്റല്‍ പ്ലാറ്റ്!േഫാമുകളിലൂടെയുള്ള ധനസമാഹരണം നടത്തിയത് ശരിയായില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസ് പുനഃസംഘടന സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങള്‍മൂലം പലരും പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനിന്നു. താഴേത്തട്ടില്‍ പ്രവര്‍ത്തകര്‍ ചലഞ്ച് ഏറ്റെടുത്തതുമില്ല. നേതൃത്വത്തിലെ അഭിപ്രായവ്യത്യാസങ്ങളും ദേശീയരാഷ്ട്രീയത്തില്‍ വന്ന മാറ്റങ്ങളും തിരിച്ചടിയായി.