ആലപ്പുഴ : വിപ്ലവനായിക കെ.ആര്.ഗൗരിയമ്മയുടെ ഒന്നാം ചരമവാര്‍ഷികം ഇന്ന്. ഗൗരിയമ്മ സ്ഥാപിച്ച ജെഎസ്എസിന്റെ പല വിഭാഗങ്ങള്‍ ഇന്ന് വെവ്വേറെ അനുസ്മരണം നടത്തും. ബീനാകുമാരിയുടെ നേതൃത്വത്തിലുള്ള ജെഎസ്എസ് ഇന്നു രാവിലെ 8.30ന് വലിയ ചുടുകാട്ടില്‍ ഗൗരിയമ്മയുടെ അന്ത്യവിശ്രമ സ്ഥലത്ത് പുഷ്പാര്‍ച്ചനയും 11ന് ടൗണ്‍ ഹാളില്‍ അനുസ്മരണ സമ്മേളനവും നടത്തും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും. മുന്‍മന്ത്രി ജി.സുധാകരന് അധ്യക്ഷത വഹിക്കും.
എ.എന്‍.രാജന്‍ബാബു വിഭാഗം വൈകിട്ട് 3ന് വൈഎംസിഎ ഹാളില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തും. എ.എന്‍.രാജന്‍ബാബു ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എ.വി.താമരാക്ഷന്‍ അധ്യക്ഷത വഹിക്കും.
ജെഎസ്എസ് (സോഷ്യലിസ്റ്റ്) നേതൃത്വത്തില്‍ രാവിലെ 8ന് സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും വൈകിട്ട് 3ന് തിരുവനന്തപുരത്ത് അനുസ്മരണ സമ്മേളനവും നടത്തും. രമേശ് ചെന്നിത്തല എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി വി.എച്ച്.സത്ജിത് അധ്യക്ഷത വഹിക്കും.
ഗൗരിയമ്മയുടെ ആലപ്പുഴ ചാത്തനാട്ടെ വീട് സ്മാരകമാക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയില്ല. ഗൗരിയമ്മയുടെ വില്പത്ര പ്രകാരം വീടും സ്ഥലവും ലഭിച്ച ബന്ധു ഡോ. ഡോ. പി.സി.ബീനാകുമാരി ഇത് സ്മാരകത്തിനായി സര്‍ക്കാരിനു നല്കാന് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍, ചില ബന്ധുക്കള്‍ തടസ്സം ഉന്നയിച്ചതിനാല്‍ പേരില്‍ കൂട്ടാന്‍ കഴിഞ്ഞിട്ടില്ല. വില്പത്രം സാധൂകരിച്ച കോടതിവിധി റവന്യു അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബീനാകുമാരി പറഞ്ഞു.
വീട് സ്ത്രീപഠന കേന്ദ്രമാക്കാനാണ് ആലോചന. ഇതിനായി കലക്ടറുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ഒരു യോഗം മുന്‍പ് ചേര്‍ന്നിരുന്നു. വനിതകളുടെ കലാപ്രവര്‍ത്തനങ്ങള്‍, ചരിത്രത്തില്‍ ഇടം നേടിയ വനിതകളെ അനുസ്മരിക്കുന്ന പരിപാടികള്‍ തുടങ്ങിയവയും ആലോചിക്കുന്നുണ്ട്.