കൊളംബോ: ആഭ്യന്തര കലാപം രൂക്ഷമായതോടെ ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സയും കുടുംബവും നാവിക താവളത്തില്‍ അഭയം തേടി. രാജ്യത്തിന്റെ വടക്ക് – കിഴക്ക് ഭാഗത്തുള്ള ട്രിങ്കോമാലിയിലെ നാവിക താവളത്തിലേക്കാണ് തിങ്കളാഴ്ച അര്‍ധരാത്രിയോടെ രാജപക്‌സയേയും കുടുംബത്തേയും സൈന്യം മാറ്റിയത്.
തലസ്ഥാനമായ കൊളംബോയില്‍ നിന്ന് 270 കിലോ മീറ്റര്‍ അകലെയാണ് ഈ കേന്ദ്രം. തലസ്ഥാനത്തെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്ക് മുന്നിലേക്ക് നൂറു കണക്കിന് പേരാണ് പ്രതിഷേധവുമായി തിങ്കളാഴ്ച രാത്രിയോടെ എത്തിയത്.
രാജപക്‌സ അഭയം തേടിയ നാവിക താവളത്തിന് പുറത്തും പ്രതിഷേധം ശക്തമാകുന്നുണ്ടെന്നാണ് വിവരം.
പെട്രോള്‍ ബോംബുകളടക്കം പ്രതിഷേധക്കാര്‍ വസതിക്ക് നേരെ എറിഞ്ഞതോടെയാണ് രാജപക്‌സയും കുടുംബത്തേയും ഹെലികോപ്റ്ററില്‍ നാവിക താവളത്തിലേക്ക് മാറ്റിയത്.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മാസങ്ങളായി രാജ്യത്ത് പ്രതിഷേധങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണങ്ങളില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ആയിരക്കണക്കിന് പൊലീസുകാരേയും ൈസന്യത്തെയുമാണ് കര്‍ഫ്യുവിന്റെ ഭാഗമായി വിന്യസിച്ചത്.
കര്‍ഫ്യൂ ഉണ്ടായിരുന്നിട്ടും ഒറ്റ രാത്രി കൊണ്ട് ഭരണകക്ഷിയിലുള്ള 41 പേരുടെ വീടുകളാണ് പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കിയത്. രാജപക്‌സയുടെ അനുയായികള്‍ ആയുധങ്ങളുമായി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ നേരിട്ടതോടെയാണ് തിങ്കളാഴ്ച ആക്രമം ആരംഭിച്ചത്. പ്രധാനമന്ത്രി രാജിവെച്ചങ്കിലും പ്രതിഷേധങ്ങള്‍ അവസാനിച്ചിട്ടില്ല. രാജപക്‌സ രാജിവെച്ച തിങ്കളാഴ്ചയടക്കം നടന്ന അക്രമങ്ങളില്‍ 200 ഓളം പേര്‍ക്കാണ് പരിക്കേറ്റത്.