കൊച്ചി: പിണറായി വിജയന്‍ കരുത്തനായ നേതാവാണെന്നും ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് അവസാന ദിവസങ്ങളില്‍ വൈറ്റിലയില്‍ ഒരു കല്ലിട്ടു, തൊട്ടപ്പുറത്തും ഒരു കല്ലിട്ടു. പക്ഷേ കല്ലൊന്നും പാലമായില്ല. എന്നാല്‍ ആ കല്ലുകളിലെല്ലാം പട്ടി മൂത്രമൊഴിക്കും മുമ്പ് പിണറായി വിജയന്‍ അതെല്ലാം മേല്‍പ്പാലമാക്കി മാറ്റിയെന്ന് കെ.വി. തോമസ് പറഞ്ഞു.
ഇന്ത്യയെ നയിക്കാന്‍ കഴിവുള്ള മുഖ്യമന്ത്രിയാണ് പിണറായി എന്ന് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ സ്റ്റാലിന്‍ പറയുമ്പോള്‍ താന്‍ അല്ലെന്ന് പറയണോയെന്ന് അദ്ദേഹം ചോദിച്ചു. തൃക്കാക്കരയില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ.വി. തോമസ്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമാണ് അദ്ദേഹം വേദി പങ്കിട്ടത്.
പി.ടി.യുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ഞാന്‍ തലകുനിക്കുന്നു. എന്നാല്‍, പി.ടി പറഞ്ഞ കാര്യങ്ങള്‍ ഇവര്‍ മറന്നുപോയോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. അച്ഛന്‍ മരിച്ചാല്‍ മകന്‍, ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ, ഇവരാണോ അധികാരത്തിലേക്ക് കടന്നുവരേണ്ടത് എന്നാണ് പി.ടി. ചോദിച്ചത്. ഞാന്‍ ഉമയെ സ്‌നേഹിക്കുന്ന ഒരാളാണ്. പക്ഷേ, പി.ടി പറഞ്ഞ കാര്യങ്ങള്‍ നാം ഓര്‍ക്കണ്ടേ. ഈ തെരഞ്ഞെടുപ്പില്‍ ഞാന്‍ വികസനത്തിനൊപ്പമാണ്. കൊച്ചിയുടെയും തൃക്കാക്കരയുടെയും വികസനത്തിനൊപ്പം.
ഉമ്മന്‍ചാണ്ടി മിനിഞ്ഞാന്ന് ചോദിച്ചു പിണറായി വിജയന്റെ ഭരണത്തില്‍ എന്ത് വികസനമാണ് നടന്നതെന്ന്. ഞാന്‍ അദ്ദേഹത്തോട് പാലാരിവട്ടത്ത് വരാന്‍ പറയുന്നു. പാലാരിവട്ടം മേല്‍പ്പാലം ജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തില്‍ പുനരുദ്ധരിച്ചത് പിണറായി വിജയനാണെന്ന് പറഞ്ഞാല്‍ എന്നെ കുറ്റപ്പെടുത്താനാകുമോ എന്നും അദ്ദേഹം ചോദിച്ചു.