വത്തിക്കാന്‍: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള മെയ് 15-നു ഞായറാഴ്ച വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടക്കുന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്.
നെയ്യാറ്റിന്‍കര രൂപതയിലെ പാറശാല ഫൊറോനയിലുള്ള ചാവല്ലൂര്‍പൊറ്റയില്‍ വാഴ്ത്തപ്പെട്ട ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ ദേവാലയത്തിലും ആഘോഷങ്ങളുണ്ട്. നാളെ വൈകിട്ട് 6 നു നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ നെയ്യാറ്റിന്‍കര രൂപത മെത്രാന്‍ ഡോ. വിന്‍സെന്റ് സാമുവല്‍ മുഖ്യകാര്‍മികനാകും. വൈകിട്ട് 5നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോ മുഖ്യകാര്‍മികനായി പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി നടക്കും.
തമിഴ്‌നാട്ടിലെ ആരുവായ്മൊഴിക്കു സമീപം കാറ്റാടിമലയില്‍ ജൂണ്‍ 5നു നടക്കുന്ന കൃതജ്ഞതാബലിയില്‍ കോട്ടാര്‍, കുഴിത്തുറ രൂപതകളിലെ ആയിരത്തോളം വിശ്വാസികള്‍ പങ്കെടുക്കും. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ലിയോപോള്‍ദോ ജിറേല്ലിയും കോട്ടാര്‍ ബിഷപ് ഡോ. നസ്രേന്‍ സൂസൈയും ചടങ്ങുകളില്‍ പങ്കെടുക്കും.
കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്തിനു സമീപം നട്ടാലത്തു ജനിച്ച നീലകണ്ഠപ്പിള്ളയാണ് പില്‍ക്കാലത്തു ക്രിസ്തുമതം സ്വീകരിച്ച് ദേവസഹായം പിള്ളയായത്. മാര്‍ത്താണ്ഡവര്‍മയുടെ ഭരണകാലത്ത് തിരുവിതാംകൂര്‍ സൈന്യത്തില്‍ ഉന്നതപദവി വഹിച്ചിരുന്നു. കുളച്ചല്‍ യുദ്ധാനന്തരം തടവിലാക്കപ്പെട്ട ക്യാപ്റ്റന്‍ ഡിലനോയിക്കൊപ്പമാണ് ദേവസഹായം പിള്ള തക്കലയ്ക്കു സമീപം പുലിയൂര്‍ക്കുറിച്ചിയിലെ ഉദയഗിരിക്കോട്ടയില്‍ കഴിഞ്ഞുവന്നത്. ഈ സമയത്താണ് ഇദ്ദേഹം ക്രിസ്തുമതത്തില്‍ ആകൃഷ്ടനായത്. പിന്നീട് വടക്കാന്‍കുളം പള്ളിയിലെ ഈശോ സഭ വൈദികനായിരുന്ന ജെ.പി.ബുട്ടാരിയില്‍നിന്ന് 1745 മേയ് 17നു ജ്ഞാനസ്‌നാനം സ്വീകരിച്ചു.
ക്രിസ്തുമതവിശ്വാസിയായി ജീവിച്ച ദേവസഹായം പിള്ള കാറ്റാടിമലയില്‍ വെടിയേറ്റു മരിച്ചെന്നാണു ചരിത്രം. നാഗര്‍കോവില്‍ കോട്ടാര്‍ സെന്റ് സേവ്യേഴ്‌സ് ദേവാലയത്തിലാണു മൃതദേഹം അടക്കം ചെയ്തിരിക്കുന്നത്. വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിയായ ദേവസഹായം പിള്ളയെ 2012 ഡിസംബര്‍ 2ന് വാഴ്ത്തപ്പെട്ടവനായി മാര്‍പാപ്പ പ്രഖ്യാപിച്ചിരുന്നു.
ദേവസഹായം പിള്ളയെ കൂടാതെ മറ്റു 14 പേരെക്കൂടി വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തും.