തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ജൂണ്‍ എട്ടുമുതല്‍ യു.എസ് സന്ദര്‍ശിക്കുന്നു. ജൂണ്‍ എട്ടു മുതല്‍ 18 വരെയാണു സന്ദര്‍ശനം. എട്ടു മുതല്‍ 13 വരെ യുഎസിലും 13 മുതല്‍ 18 വരെ ക്യൂബയിലും ആയിരിക്കും. ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ പഠിക്കുന്നതിനാണു ക്യൂബ സന്ദര്‍ശിക്കുന്നത്.
ലോകകേരള സഭയുടെ പ്രവാസി സംഗമത്തില്‍ പങ്കെടുക്കാനാണു മുഖ്യമന്ത്രിയുടെ യുഎസ് സന്ദര്‍ശനം. വാഷിങ്ടനില്‍ ലോകബാങ്ക് സീനിയര്‍ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും. ലോക ബാങ്കുമായി ചര്‍ച്ചയ്ക്കു സര്‍ക്കാര്‍ നിയോഗിച്ച 8 പേരില്‍ മുഖ്യമന്ത്രിയുടെ പിഎ വി.എം.സുനീഷും ഉണ്ട്. സന്ദര്‍ശക സംഘത്തില്‍ സുനീഷിനെ ഉള്‍പ്പെടുത്തിയതിനു പുറമേയാണു ചര്‍ച്ചയ്ക്കായി പ്രത്യേകം നിയോഗിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെ ഭാര്യ കമല സ്വന്തം ചെലവില്‍ അനുഗമിക്കും.
ക്യൂബ സംഘത്തില്‍ മന്ത്രി വീണാ ജോര്‍ജ്, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ.വി.കെ.രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി വി.പി.ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം.ഏബ്രഹാം, ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, മുഖ്യമന്ത്രിയുടെ പിഎ വി.എം.സുനീഷ് എന്നിവരാണ് ഉണ്ടാവുക.
അമേരിക്കന്‍ സംഘത്തില്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍, മന്ത്രി കെ.എന്‍.ബാലഗോപാല്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ.വി.കെ.രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി വി.പി.ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം.ഏബ്രഹാം, ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി (വിദേശ സഹകരണം) വേണു രാജാമണി, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, ധന സെക്രട്ടറി മുഹമ്മദ് വൈ.സഫറുള്ള, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസര്‍ സ്നേഹില്‍ കുമാര്‍ സിങ്, മുഖ്യമന്ത്രിയുടെ പിഎ വി.എം.സുനീഷ് എന്നിവര്‍ ഉള്‍പ്പെടുന്നു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യുഎഇ സന്ദര്‍ശനത്തിനു കേന്ദ്രം കഴിഞ്ഞ ദിവസം അനുമതി നിഷേധിച്ചിരുന്നു.