ന്യൂയോര്‍ക്ക് : ‘ഭീകരപ്രവര്‍ത്തനം നമ്മെ ഭയപ്പെടുത്തരുത്, അക്രമങ്ങള്‍ പിന്തിരിപ്പിക്കരുത്, പോരാട്ടം തുടരണം’ നിറഞ്ഞ കൈയടികള്‍ക്കു മുന്നില്‍ സല്‍മാന്‍ റുഷ്ദി പറഞ്ഞു. മന്‍ഹാറ്റനിലെ അമേരിക്കന്‍ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ നടന്ന ചടങ്ങില്‍ ‘പെന്‍ അമേരിക്ക’യുടെ ധീരതാ പുരസ്‌കാരം ഏറ്റുവാങ്ങുകയായിരുന്നു ഇന്ത്യന്‍ വംശജനായ ഇംഗ്ലിഷ് നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദി (75).
കഴിഞ്ഞ ഓഗസ്റ്റില്‍ പടിഞ്ഞാറന്‍ ന്യൂയോര്‍ക്കില്‍ ഷട്ടോക്വ ഇന്‍സ്റ്റിറ്റിയൂഷനില്‍ പ്രസംഗിക്കാനെത്തിയപ്പോള്‍ ഹാദി മതാര്‍ (24) എന്ന അക്രമിയുടെ കുത്തേറ്റ ശേഷം ആദ്യമായാണ് പൊതുസദസ്സില്‍ റുഷ്ദി എത്തിയത്. അക്രമത്തെ തുടര്‍ന്ന് റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി.
‘സേറ്റാനിക് വേഴ്‌സസ്’ എന്ന റുഷ്ദിയുടെ നോവലില്‍ മതനിന്ദ ആരോപിച്ച് അദ്ദേഹത്തെ വധിക്കാന്‍ 1989 ല്‍ ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖുമൈനി മതശാസന പുറപ്പെടുവിച്ചിരുന്നു. വധഭീഷണിയെത്തുടര്‍ന്ന് 10 വര്‍ഷത്തോളം റുഷ്ദിക്ക് ഒളിവില്‍ കഴിയേണ്ടി വന്നിരുന്നു.