ലണ്ടന്‍ : ബ്രിട്ടനില്‍ കുടിയേറ്റത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ഥികള്‍ കുടുംബാംഗങ്ങളെക്കൂടി കൊണ്ടുവരുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് ഇന്ത്യന്‍ വംശജയായ ആഭ്യന്തര മന്ത്രി സ്യൂവെല്ല ബ്രേവര്‍മാന്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ഗവേഷണവുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളിലെ ഒഴികെയുള്ള ബിരുദാനന്തര പഠനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഇനി ആശ്രിതരെ കൊണ്ടുവരാനാകില്ല.
ബ്രിട്ടനിലെ അനിയന്ത്രിത കുടിയേറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ ഋഷി സുനക് സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമാണു പുതിയ നിയമം. ബ്രിട്ടനില്‍ തൊഴില്‍ തരപ്പെടുത്തുന്നതിനുള്ള പിന്‍വാതിലായി സ്റ്റുഡന്റ് വീസയെ ഉപയോഗിക്കുന്നതു തടയുകയാണു ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു.
9 മാസവും അതില്‍ക്കൂടുതല്‍ കാലവും ബിരുദാനന്തര പഠനത്തിനെത്തുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് പങ്കാളികളെയും മക്കളെയും ഒപ്പം കൊണ്ടുവരാന്‍ ഇതുവരെ അനുമതിയുണ്ടായിരുന്നു. ഇത്തരത്തില്‍ ആശ്രിതരായെത്തുന്നവരുടെ എണ്ണം 3 വര്‍ഷം കൊണ്ട് എട്ടിരട്ടിയായെന്നാണ് സര്‍ക്കാര്‍ കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം വിദേശ വിദ്യാര്‍ഥികള്‍ക്കൊപ്പം ബ്രിട്ടനിലെത്തിയ കുടുംബാംഗങ്ങളുടെ എണ്ണം 1.36 ലക്ഷമാണ്. കഴിഞ്ഞ ജൂണ്‍ വരെയുളള കണക്കനുസരിച്ച് കുടിയേറ്റക്കാരുടെ എണ്ണം 5.04 ലക്ഷം വരും.