ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്സിൻ ചിലപ്പോഴെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് കഴിഞ്ഞ ദിവസം സമ്മതിച്ചതിനു പിന്നാലെ വാക്‌സിന്‍ പിന്‍വലിച്ച് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനെക. വാക്‌സിന്‍ ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി. ഇത് സംബന്ധിച്ച അന്താരാഷ്ട്ര മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തു.. കോവിഡ് -19 നുള്ള വാക്സിനുകളുടെ ലഭ്യത അധികമായതിനാലും പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള നവീകരിച്ച വാക്സിനുകള്‍ കോവിഷീല്‍ഡിനെ അപ്രസക്തമാക്കിയെന്നും കമ്പനി വിശദീകരിക്കുന്നു.വാക്സിൻ സംബന്ധിച്ച് പരാതി കോടതി മുമ്പാകെ എത്തിയപ്പോൾ മറുപടി നല്കിയ കമ്പനി കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വസാഹചര്യങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലേറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുമെന്ന് അറിയിച്ചിരുന്നു. ഓക്സ്ഫോർഡ് സർവകലാശാലയുമായി ചേർന്ന്
ആസ്ട്രസെനെക വികസിപ്പിച്ച വാക്‌സിന്‍, സിറം ഇന്‍സ്റ്റ്യിറ്റിയൂട്ട് ഓഫ് ഇന്ത്യയാണ് കോവിഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചത്.വാക്സിന്‍ സ്വീകരിച്ച 51 പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്. ഇതിന് പിന്നാലെ കമ്പനി തന്നെ യുകെ ഹൈക്കോടതിയില്‍ പാര്‍ശ്വഫലങ്ങളുള്ളതായി സമ്മതിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. അതേസമയം പാര്‍ശ്വഫലങ്ങള്‍ ഉള്ളതുകൊണ്ടല്ല വാക്‌സിന്‍ പിന്‍വലിക്കുന്നതെന്നും വളരെയധികം വാക്‌സിനുകള്‍ മാര്‍ക്കറ്റിലുണ്ട്, തങ്ങളുടെ വില്‍പന ഇടിഞ്ഞെന്നും അതിനാലാണ് പിന്‍വലിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം