യുനൈറ്റഡ് നാഷന്‍സ്: 2022ല്‍ വിദേശ ഇന്ത്യക്കാര്‍ സ്വന്തം നാട്ടിലേക്ക് അയച്ചത് 11,100 കോടി ഡോളര്‍ (9,26,541 കോടി രൂപ) ആണെന്ന് യു.എന്‍ കുടിയേറ്റ ഏജന്‍സി റിപ്പോര്‍ട്ട്. ഒരു വര്‍ഷം പ്രവാസികള്‍ 10,000 കോടി ഡോളറിലേറെ അയക്കുന്ന ആദ്യ രാജ്യമെന്ന റെക്കോഡും ഇതോടെ ഇന്ത്യക്കു സ്വന്തം.
ഇന്ത്യക്ക് പിറകില്‍ മെക്സികോ, ചൈന, ഫിലിപ്പീന്‍സ്, ഫ്രാന്‍സ് രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ തുക കൈപ്പറ്റിയ ആദ്യ അഞ്ചു സ്ഥാനക്കാര്‍. 2010ല്‍ 5348 കോടി ഡോളര്‍, 2020ല്‍ 8315 കോടി ഡോളര്‍ എന്നിങ്ങനെയായിരുന്നു ഇന്ത്യയിലേക്കുള്ള കണക്ക്. 2022ലെത്തുമ്പോള്‍ പിന്നെയും ഉയര്‍ന്നാണ് റെക്കോഡ് തൊട്ടത്.
ഏഷ്യയില്‍ ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്താന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും ആദ്യ 10ലുണ്ട്. മേഖലയില്‍നിന്ന് തൊഴില്‍ തേടിയുള്ള കുടിയേറ്റം ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്ന് വ്യക്തമാക്കുന്നതാണിത്.
ഏറ്റവും കൂടുതല്‍ കുടിയേറുന്ന ജി.സി.സി രാജ്യങ്ങളില്‍ പലയിടത്തും സ്വദേശി ജനസംഖ്യയെക്കാള്‍ കൂടുതലാണ് പ്രവാസികള്‍. യു.എ.ഇ ജനസംഖ്യയില്‍ 88 ശതമാനം, കുവൈത്ത് 73 ശതമാനം, ഖത്തര്‍ 77 ശതമാനം എന്നിങ്ങനെയാണ് പ്രവാസി കണക്കുകള്‍. നിര്‍മാണം, ഹോസ്പിറ്റാലിറ്റി, സുരക്ഷ, ഗാര്‍ഹിക ജോലി, ചില്ലറ വില്പന എന്നീ മേഖലകളിലാണ് തൊഴിലാളികളിലേറെയും.