ഗസ്സ: ഗസ്സയിൽ 24 മണിക്കൂറിനിടെ ഇസ്രായേൽ ആക്രമണത്തിൽ 81 പേർ കൊല്ലപ്പെട്ടു. ഇതോടെ ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 35,984 ആയി. 80,643 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കൻ ഗസ്സയിലെ റഫയിൽ കുടുംബത്തിലെ ആറുപേർ കൊല്ലപ്പെട്ടു. റഫയിൽ സൈനിക നടപടി ഉടൻ നിർത്തണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് അവഗണിച്ചാണ് ആക്രമണം.
രാജ്യാന്തര കോടതിയുടെ ഉത്തരവ് മറികടന്നുള്ള ആക്രമണത്തിന്റെ പേരിൽ ഇസ്രായേലിനുമേൽ അന്താരാഷ്ട്ര സമൂഹം ഉപരോധം ഏർപ്പെടുത്തണമെന്ന് ഫലസ്തീൻ മേഖലയിലെ യു.എന്നിന്റെ പ്രത്യേക പ്രതിനിധി ഫ്രാൻസെസ്ക അൽബനീസ് ആവശ്യപ്പെട്ടു. സെൻട്രൽ ഗസ്സയിലെ നുസൈറാത് അഭയാർഥി ക്യാമ്പിൽ ബോംബിട്ട് കുട്ടി ഉൾപ്പെടെ വേറെ ആറുപേരെയും കൊലപ്പെടുത്തി.
അതിനിടെ റഫയിലെ കുവൈത്തി ആശുപത്രിയിൽ ഒരു ദിവസം കൂടി പ്രവർത്തിക്കാനുള്ള ഇന്ധനമേ ബാക്കിയുള്ളൂ എന്നും അടിയന്തര ഇടപെടൽ വേണമെന്നും ആശുപത്രി ഡയറക്ടർ ആവശ്യപ്പെട്ടു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തി 12 ഫലസ്തീനികളെ കസ്റ്റഡിയിലെടുത്തു.