തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍- മേയര്‍ തര്‍ക്കത്തില്‍ മേയറുടെ ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എ ബസില്‍ കയറിയെന്ന് ബസിലെ യാത്രക്കാര്‍ പോലീസില്‍ മൊഴി നല്‍കി. ബസ് പോലീസ് സ്റ്റേഷനിലേക്ക് പോകാന്‍ നിര്‍ദേശിച്ചെന്നാണ് യാത്രക്കാരുടെ സാക്ഷി മൊഴി.
എംഎല്‍എ കണ്ടക്ടറുമായി സംസാരിച്ചെന്നും മൊഴിയുണ്ട്. ബസിന്റെ സര്‍വീസ് മുടങ്ങിയതുമായി ബന്ധപ്പെട്ട് കണ്ടക്ടര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിയ ട്രിപ്പ് ഷീറ്റിലും എംഎല്‍എ ബസില്‍ കയറിയെന്ന് രേഖപ്പെടുത്തിയിരുന്നു.
ഡ്രൈവര്‍ യദു മേയര്‍ ആര്യാ രാജേന്ദ്രനെതിരെ ലൈംഗിക ആംഗ്യം കാണിച്ചെന്ന മേയറുടെ പരാതിയില്‍ പോലീസ് വാഹനങ്ങള്‍ ഓടിച്ച് പരിശോധന നടത്തി. കെഎസ്ആര്‍ടിസി ബസും കാറും ഉപയോഗിച്ചാണ് രംഗം പുനരാവിഷ്‌കരിച്ച് നോക്കിയത്. ഡ്രൈവര്‍ സീറ്റിലിരുന്ന് ആംഗ്യം കാണിച്ചാല്‍ കാറിലെ പിറക് സീറ്റിലിരിക്കുന്നവര്‍ക്ക് കാണാന്‍ സാധിക്കുമോയെന്നായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു പോലീസ് രംഗം പുനരാവിഷ്‌കരിച്ച് പരിശോധിച്ചത്. ഇത്തരത്തില്‍ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാട്ടിയാല്‍ പിറകിലെ കാറിലെ യാത്രക്കാരിക്ക് കാണാന്‍ സാധിക്കുമെന്നാണ് പോലീസ് നടത്തിയ പരിശോധനയില്‍ നിന്നും വ്യക്തമായതെന്നാണ് പോലീസ് പറയുന്നത്. മേയറെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അശ്ലീല ആംഗ്യം കാട്ടിയെന്ന പരാതിയിലാണ് പോലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നത്. കഴിഞ്ഞയാഴ്ച ഈ കേസില്‍ മേയറുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. പോലീസിന്റെ അപേക്ഷയെ തുടര്‍ന്നാണ് കോടതി മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. കന്റോണ്‍മെന്റ് പോലീസ് അന്വേഷിച്ച കേസ് മ്യൂസിയം പോലീസിന് കൈമാറിയിരുന്നു. ഇപ്പോള്‍ മ്യൂസിയം പോലീസാണ് അന്വേഷിക്കുന്നത്.