തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി. വിഴിഞ്ഞം തുറമുഖം നാളെ നാടിനു സമര്‍പ്പിക്കുന്നതിനായാണ് പ്രധാനമന്ത്രി എത്തിയിട്ടുള്ളത്. രാത്രി എട്ടോടെ വിമാനമിറങ്ങിയ പ്രധാനമന്ത്രി ഇന്ന് രാജ്ഭവനിലാണ് തങ്ങുക. പ്രധാനമന്ത്രിയുടെ വരവ് കണക്കിലെടുത്ത് കനത്ത സുരക്ഷാവലയത്തിലാണ് തലസ്ഥാനം.
പ്രധാനമന്ത്രി രാത്രി ഗവര്‍ണര്‍ക്കൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കും. നാളെ രാവിലെ 10.15ന് വ്യോമസേനാ ഹെലികോപ്റ്ററില്‍ വിഴിഞ്ഞത് എത്തും. തുടര്‍ന്ന് തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും. 12.30ഓടെ തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കും.
പ്രധാനമന്ത്രിയുടെ വരവിന്റെ ഭാഗമായി തലസ്ഥാന ജില്ലയില്‍ കനത്ത സുരക്ഷാ ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്. കടലില്‍ കോസ്റ്റ്ഗാര്‍ഡും നേവിയും സുരക്ഷയൊരുക്കി.