ബർലിൻ: ആദ്യ വോട്ടെടുപ്പിൽ ഞെട്ടിച്ച തോൽവി; മണിക്കൂറുകൾക്കു ശേഷം രണ്ടാം വോട്ടെടുപ്പിലൂടെ വിജയം. ജർമനിയുടെ പത്താമത്തെ ചാൻസലറായ ഫ്രീഡ്റിഷ് മേർട്സ് ആണ് മണിക്കൂറുകളുടെ ഇടവേളകളിൽ വിജയ– പരാജയങ്ങളിലൂടെ കടന്നുപോയത്.
ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു) സ്ഥാനാർഥിയായ മേർട്സ് പാർലമെന്റിലെ ആദ്യ വോട്ടെടുപ്പിൽ 6 വോട്ടിന് പരാജയപ്പെട്ടു. അനായാസം ജയിക്കുമെന്ന് കരുതിയിരുന്നതിനാൽ ഈ തോൽവി ഞെട്ടലായി. ഓഹരിവിപണിയിലും കനത്ത ഇടിവുണ്ടായി.
ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു) – സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (എസ്പിഡി) സഖ്യ സ്ഥാനാർഥിയായിരുന്ന മേർട്സിന് 630 വോട്ടിൽ 316 വോട്ടാണ് ജയിക്കാൻ വേണ്ടിയിരുന്നത്. 310 വോട്ടേ ലഭിച്ചുള്ളൂ. സഖ്യത്തിന് 328 വോട്ട് ഉണ്ടായിരുന്നു. രഹസ്യബാലറ്റ് ആയതിനാൽ കൂറുമാറിയത് ആരെന്ന് കണ്ടെത്താനായില്ല.
തുടർന്ന് രണ്ടാമതൊരു വോട്ടെടുപ്പു കൂടി നടത്താൻ ജർമൻ പാർലമെന്റ് ആയ ബുണ്ടെസ്റ്റാഗ് തീരുമാനിച്ചു. രണ്ടാം തവണ മേർട്സിന് 325 വോട്ടുകിട്ടി. രണ്ടാം ലോകയുദ്ധത്തിനു ശേഷം ആദ്യമായാണ് മുന്നണിക്കു ഭൂരിപക്ഷമുണ്ടായിട്ടും ചാൻസലർക്കു ഭൂരിപക്ഷം നേടാനാവാതെ വന്നത്. പശ്ചിമ ജർമനിയിലെ ബ്രിലോണിൽ ജനിച്ച മേർട്സ് (69) ജഡ്ജിയും അഭിഭാഷകനുമായിരുന്നു.
ഫെബ്രുവരിയിൽ നടന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായിരുന്ന സിഡിയുവും മധ്യ ഇടത് ഡെമോക്രാറ്റുകളും ചേർന്ന സഖ്യം 630 ൽ 208 സീറ്റുകൾ നേടി. ഭരണകക്ഷിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (എസ്പിഡി) 120 സീറ്റിലൊതുങ്ങി.