Saturday, May 24, 2025

HomeBusinessപാക്ക്– ഇന്ത്യ സംഘർഷം: വ്യോമഗതാഗതം സ്തംഭിച്ചു; സർവീസുകൾ റദ്ദാക്കി

പാക്ക്– ഇന്ത്യ സംഘർഷം: വ്യോമഗതാഗതം സ്തംഭിച്ചു; സർവീസുകൾ റദ്ദാക്കി

spot_img
spot_img

പാക്കിസ്ഥാൻ ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയതിനു പിന്നാലെ വ്യോമ ഗതാഗതമേഖല സ്തംഭിച്ചു. പ്രധാന വിമാന കമ്പനികൾ പാക്കിസ്ഥാനിലേക്കുള്ള യാത്രാ വിമാനങ്ങൾ റദ്ദാക്കി. പാക്ക് വ്യോമപാത വഴി ഇന്ത്യയിലേക്കുള്ള സർവീസുകളും നിർത്തി വച്ചു. അതേസമയം, കേരളത്തിലേക്കുള്ള സർവീസുകളെ ഇതുവരെ ബാധിച്ചിട്ടില്ല.

യുഎഇയിൽനിന്ന് ഉത്തരേന്ത്യയിലേക്കുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കി. വിമാനത്താവളങ്ങൾ അടച്ചതിനെ തുടർന്നാണിത്. എമിറേറ്റ്സ്, ഇത്തിഹാദ്, എയർ അറേബ്യ, ഖത്തർ എയർവേയ്സ്, ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയവയുടെ സർവീസുകൾ റദ്ദാക്കിയവയിൽ ഉൾപ്പെടും.

അതതു ദിവസത്തെ സാഹചര്യം അനുസരിച്ചാകും ഇനി സർവീസ് നടത്തുക. അതിനാൽ, യാത്ര പുറപ്പെടും മുൻപ് വിമാന കമ്പനികളിൽ വിളിച്ചു യാത്ര ഉറപ്പാക്കണമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, ഫ്ലൈ ദുബായുടെ ഇന്ത്യൻ സർവീസുകൾ പതിവു പോലെയാണെന്ന് മാനേജ്മെന്റ് അറിയിച്ചു. യുഎഇയിൽ നിന്ന് ശ്രീനഗറിലേക്ക് സർവീസ് റദ്ദാക്കുകയോ സമയം മാറ്റുകയോ ചെയ്ത വിമാനങ്ങളിലെ യാത്രക്കാർക്ക് സൗജന്യമായി വീണ്ടും ബുക്ക് ചെയ്യാനോ യാത്ര റദ്ദാക്കാനോ അവസരമുണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

ധർമശാല, ലേ, ജമ്മു, ശ്രീനഗർ, അമൃതസർ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ അടച്ചതിനാൽ ഈ സെക്ടറുകളിലേക്ക് യുഎഇയിൽ നിന്നുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയതായി സ്പൈസ് ജെറ്റ് അറിയിച്ചു.

സിയാൽകോട്ട്, ലഹോർ, ഇസ്‌ലാമാബാദ്, പെഷവാർ എന്നിവിടങ്ങളിലേക്കുള്ള എമിറേറ്റ്സ് വിമാനങ്ങൾ റദ്ദാക്കി. ഈ വിമാനങ്ങളിലെ യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടരുതെന്നും കമ്പനി ആവശ്യപ്പെട്ടു. എന്നാൽ കറാച്ചിയിലേക്കും തിരിച്ചുമുള്ള സർവീസുകൾ തുടരുമെന്നും എമിറേറ്റ്സ് അറിയിച്ചു. ഇത്തിഹാദിന്റെ ലഹോർ, കറാച്ചി, ഇസ്‌ലാമാബാദ് സെക്ടറുകളിലേക്കു ചൊവ്വാഴ്ച പുറപ്പെട്ട വിമാനങ്ങൾ അബുദാബിയിൽ തന്നെ തിരിച്ചിറക്കി. ഈ 3 സെക്ടറുകളിലെയും വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.

പാക്കിസ്ഥാൻ വ്യോമപാത ഉപയോഗിക്കുന്ന മറ്റു വിദേശ കമ്പനികളും സർവീസുകൾ വഴി തിരിച്ചുവിട്ടു. യുഎഇയിൽനിന്ന് പാക്കിസ്ഥാനിലേക്കുള്ള 13 വിമാനങ്ങൾ ഇന്നലെ റദ്ദാക്കി. ഫ്ലൈ ദുബായുടെ കറാച്ചി സെക്ടർ മാത്രമാണ് സർവീസ് തുടരുന്നത്.

ലഹോർ, സിയാൽകോട്ട്, ഇസ്‌ലാമാബാദ് എന്നിവിടങ്ങൾ വഴിയുള്ള കണക്‌ഷൻ വിമാനങ്ങൾ ഇനി അറിയിപ്പ് ഉണ്ടാകും വരെ സർവീസ് നടത്തില്ലെന്ന് എമിറേറ്റ്സ് അറിയിച്ചു.

പാക്കിസ്ഥാൻ വഴിയും പാക്കിസ്ഥാനിലേക്കുമുള്ള എല്ലാ സർവീസുകളും നിർത്തിയതായി എയർ അറേബ്യയും അറിയിച്ചു. ലുഫ്താൻസ, എയർ ഫ്രാൻസ്, ബ്രിട്ടിഷ് എയർവേയ്സ് എന്നിവ പാക്ക് വ്യോമപാത ഒഴിവാക്കി, പുതിയ റൂട്ടിലൂടെയാണ് സർവീസ് നടത്തുന്നത്. ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ പാക്കിസ്ഥാനു മുകളിലൂടെ സർവീസ് നടത്തില്ലെന്ന് എയർ ഫ്രാൻസും ലുഫ്താൻസയും അറിയിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments