മുംബൈ: ഇന്ത്യയും പാകിസ്താനും തമ്മിൽ വെടിനിർത്തൽ നിലവിൽവന്നതോടെ ക്രിക്കറ്റ് ലോകത്തും ആഹ്ലാദം. താൽക്കാലികമായി നിർത്തിവെച്ച ഐ.പി.എൽ മത്സരങ്ങൾ അടുത്തയാഴ്ച പുനരാരംഭിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യ-പാകിസ്താൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിലാണ് ഐ.പി.എൽ മത്സരങ്ങൾ ബി.സി.സി.ഐ നിർത്തിവെച്ചത്.
അതിർത്തി കടന്നുള്ള അതിക്രമസാധ്യത കണക്കിലെടുത്ത് മൈതാനങ്ങളിലെ സുരക്ഷ കടുപ്പിക്കുകയും വിമാനത്താവളങ്ങൾ അടച്ചിടുകയും ചെയ്തതിനു പിന്നാലെയായിരുന്നു തീരുമാനം. ശനിയാഴ്ച വൈകീട്ട് അഞ്ചു മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. സുരക്ഷ സാഹചര്യങ്ങൾ വിലയിരുത്തിയശേഷമാകും ബി.സി.സി.ഐ പുതിയ സമയക്രമവും വേദിയും പ്രഖ്യാപിക്കുക. ഐ.പി.എൽ 2025 സീസണിന്‍റെ ഭാവിയിൽ അനിശ്ചിതത്വം നിലനിൽക്കെയാണ് വെടിനിർത്തൽ പ്രബാല്യത്തിലാകുന്നത്.
ഇതോടെ താരങ്ങൾക്ക് പരിശീലനം പുനരാരംഭിക്കാനാകും. സംഘർഷം കണക്കിലെടുത്ത് പല വിദേശ താരങ്ങളും നാട്ടിലേക്ക് മടങ്ങണമെന്ന് താൽപര്യം പ്രകടിപ്പിച്ചിരുന്നു. വ്യാഴാഴ്ച അതിർത്തി പട്ടണങ്ങളിൽ പാക് പ്രകോപനത്തെതുടർന്ന് ധരംശാലയിൽ പഞ്ചാബ് കിങ്സ്-ഡൽഹി ക്യാപിറ്റൽസ് മത്സരം പാതിയിൽ ഉപേക്ഷിച്ചിരുന്നു. ജമ്മുവിലും പത്താൻകോട്ടിലും അപായ സൈറൺ മുഴങ്ങിയതിനു പിന്നാലെ ധരംശാലയിലെ സ്റ്റേഡിയത്തിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. പിന്നാലെ സുരക്ഷ മുൻനിർത്തി മത്സരം ഉപേക്ഷിക്കുകയായിരുന്നു.
വിദേശതാരങ്ങളും സപ്പോർട്ട് സ്റ്റാഫും മാച്ച് ഓഫിഷ്യലുകളും ഉൾപ്പെടെ നിരവധിപേർ ഐ.പി.എല്ലുമായി സഹകരിക്കുന്നുണ്ട്. 10 ടീമുകളിലായി 62 വിദേശതാരങ്ങളാണ് ഈ സീസണിൽ കളിക്കുന്നത്. ആസ്ട്രേലിയ, ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡുകൾ അടക്കം സംഭവങ്ങളിൽ ഉത്കണ്ഠ അറിയിച്ചിട്ടുണ്ട്.