ബീജിംഗ്: ഏഷ്യന്‍ രാജ്യങ്ങള്‍ വീണ്ടും കോവിഡ് ഭീതിയില്‍. ഇടവേളയ്ക്ക് ശേഷം വിവിധ രാജ്യങ്ങളില്‍ വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ സിംഗപ്പൂര്‍, ഹോങ്കോംഗ്, ചൈന, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലാണ് കോവിഡ് വ്യാപനം കൂടുതലുള്ളതെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സിംഗപ്പൂരില്‍ 2024 നെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ മാസം മൂന്നുവരെ 14,200 കേസുകളാണ് സിംഗപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം ആരംഭത്തില്‍ സിംഗപ്പൂരില്‍ കോവിഡ് കേസുകളില്‍ 28 ശതമാനം വര്‍ധന
ഹോങ്കോങ്ങില്‍ കോവിഡിന്റെ പുതിയ തരംഗം അനുഭവപ്പെടുന്നുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പരിശോധനയില്‍ മാര്‍ച്ചില്‍ 1.7 ശതമാനത്തില്‍ നിന്ന് 11.4 ശതമാനമായാണ് കോവിഡ് കേസുകള്‍ ഉയര്‍ന്നത്. ഹോങ്കോങ്ങില്‍ 81 ഗുരുതരമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ഫലമായി 30 പേര്‍ മരിച്ചു. അവരില്‍ ഭൂരിഭാഗവും മറ്റു ആരോഗ്യപ്രശ്നങ്ങളുള്ള പ്രായമായ വ്യക്തികളായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഏഷ്യയിലുടനീളം പടരുന്ന വൈറസിന്റെ പുതിയ തരംഗമായാണ് ഇതിനെ വിലയിരുത്തുന്നത്. ചൈനയില്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്നിരുന്നു. നിലവില്‍ ഇതിനോട് അടുക്കുകയാണ് കോവിഡ് കേസുകള്‍. തായ്ലന്‍ഡില്‍ ഏപ്രില്‍ മുതലാണ് കോവിഡ് കേസുകള്‍ ഉയര്‍ന്നു തുടങ്ങിയത്.