തിരുവനന്തപുരം: പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികള്‍ക്കായി 170 കോടി അനുവദിച്ച് സംസ്ഥാന ബജറ്റ്. കൊവിഡ് മഹാമാരി പ്രവാസികള്‍ക്കിടയില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതുവരെ 14,32,736 പ്രവാസികള്‍ തിരിച്ചെത്തുകയും ഇതില്‍ ഏറെ പേര്‍ക്കും ജോലി നഷ്ടപ്പെടുകയും ചെയ്തു.
തെഴില്‍ നഷ്ടപ്പെട്ട പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും അവര്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും പ്രാപ്തരാക്കുന്നതിനുമുള്ള പുനരധിവാസ പദ്ധതിയാണ് നോര്‍ക്ക സെല്‍പ് എംപ്ലോയ്മെന്റ് സ്കീം. ഈ പദ്ധതി പ്രകാരം കുറഞ്ഞ പലിശ നിരക്കില്‍ 1000 കോടി വായ്പ നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തന്റെ കന്നി ബജറ്റില്‍ വ്യക്തമാക്കി.
പുതിയ നികുതി ഭാരങ്ങളില്ല എന്നത് ബജറ്റില്‍ പൊതുജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. മാത്രമല്ല, കുറഞ്ഞ നിരക്കില്‍ വായ്പ അനുവദിക്കാനുള്ള തീരുമാനവും ജനപ്രിയമാണ്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, ടൂറിസം തുടങ്ങിയ സുപ്രധാന മേഖലകളെയെല്ലാം സ്പര്‍ശിച്ചാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റ്.
രണ്ടാം കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 20000 കോടി രൂപയുടെ പാക്കേജാണ് ബജറ്റിലെ മുഖ്യ ആകര്‍ഷണം. എന്നാല്‍ ടത്തില്‍ ഒടുന്ന സംസ്ഥാനത്തിന് എവിടെ നിന്നാണ് ഇതിനെല്ലാം പണം കണ്ടെത്തുമെന്ന ചോദ്യമുണ്ട്. 20000 കോടി രൂപയുടെ കൊവിഡ് പാക്കേജില്‍ 2800 കോടി രൂപ രോഗ പ്രതിരോധത്തിന് മാത്രമാകും. 8000 കോടി ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാനും വിനിയോഗിക്കും.
വായ്പ, സബ്സിഡി ഇനത്തിലാകും ഇവ ജനങ്ങളിലെത്തുക. നാല് ശതമാനം പലിശയിലാണ് വായ്പകള്‍ അനുവദിക്കുക എന്നതും ആശ്വാസകരമാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ രംഗത്തിന് തന്നെയാണ് ബജറ്റില്‍ പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്. എല്ലാ താലൂക്ക് ആശുപത്രികളിലും 10 ഐസോലേഷന് കിടക്കകള്‍ അനുവദിക്കും. പകര്‍ച്ച വ്യാധികള്‍ തടയാന്‍ മെഡിക്കല്‍ കോളജില്‍ പ്രത്യേക ബ്ലോക്ക് അനുവദിക്കുമെന്നും പ്രഖ്യാപനമുണ്ട്.
വാക്സിന് വിതരണം, നിര്‍മാണം എല്ലാവര്ക്കും കൊവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചതാണ്. 18ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന് നല്കാന് 1000 കോടി അനുവദിക്കും. വാക്സിന് നിര്‍മാണത്തിന് 10 കോടി നല്‍കും. ആരോഗ്യ രംഗമാണ് പ്രധാന വെല്ലുവിളി നേരിടുന്നത് എന്നതു കൊണ്ട് ഈ പ്രഖ്യാപനങ്ങള്‍ ഏറെ ആശ്വാസകരമാണ്.
അതേസമയം, ജനങ്ങളുടെ കൈവശം പണമെത്തിയാല്‍ മാത്രമേ വിപണി സജീവമാകൂ. സാമ്പത്തിക രംഗം ശക്തിപ്പെടൂ. ഇതിന്റെ ഭാഗമായിട്ടാണ് കാര്‍ഷിക മേഖലയില്‍ 4 ശതമാനം പലിശയ്ക്ക് 2000 കോടിയുടെ വായ്പ നല്‍കുന്നത്. കുടുംബശ്രീക്ക് 1000 കോടിയുടെ വായ്പയും നല്‍കും. റബ്ബര്‍ സബ്സിഡിക്കും കുടിശിക നിവാരണത്തിനും 50 കോടി അനുവദിച്ചു.
മഴക്കാലത്ത് ഏറെ ആശങ്ക നേരിടുന്നതാണ് തീരദേശം. ഇവിടെ സുരക്ഷ ഉറപ്പാക്കാന്‍ 1500 കോടി രൂപ അനുവദിക്കും. തീരദേശ ഹൈവേ പൂര്‍ത്തിയാക്കുമെന്നും പ്രഖ്യാപനമുണ്ട്. പ്രളയ പശ്ചാത്തലത്തിലെ പ്രവര്‍ത്തികള്‍ക്ക് 50 കോടി വകയിരുത്തി. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 കോടി തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുമെന്നും മന്ത്രി വിശദീകരിച്ചു.
വിദ്യാഭ്യാസ രംഗത്തിന് പ്രത്യേക കര്‍മ പദ്ധതി തയ്യാറാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗം പരിഷ്കരിക്കും. ലാപ്ടോപ്പുകള് അനുവദിക്കും. ടൂറിസം, പട്ടിക ജാതിവര്‍ഗ വികസനം എന്നിവയ്ക്കും തുക അനുവദിക്കും. പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ അനുവദിക്കുമെന്ന പ്രഖ്യാപനവും എടുത്തുപറയേണ്ടതാണ്. പല പ്രഖ്യാപനങ്ങളും കഴിഞ്ഞ ബജറ്റിലുള്ളതിന് സമാനമാണ്.
നികുതി വര്‍ധനവില്ല എന്നത് എടുത്തു പറയേണ്ടതാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ളപ്പോഴും വര്‍ധനവ് വരുത്തിയിട്ടില്ല. ജനങ്ങള്‍ ദുരിതം അനുഭവിക്കുന്ന വേളയില്‍ നികുതി കൂട്ടുന്നത് പ്രയാസം സൃഷ്ടിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. അതേസമയം, പദ്ധതികള്‍ക്ക് പണം എവിടെ നിന്ന് എന്ന ചോദ്യം നിര്‍ണായകമാണ്. നിലവില്‍ സംസ്ഥാനം കോടികള്‍ കടത്തിലാണ് എന്ന സാഹചര്യവും ഇതോട് ചേര്‍ത്ത് വായിക്കണം.
സാമ്പത്തിക രംഗം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. അതിന് ശേഷം നികുതി വര്‍ധനവ് വരുമെന്ന സൂചനയാണ് മന്ത്രി നല്‍കിയത്. നികുതി കുടിശിക വേഗം അടയ്ക്കാന്‍ എല്ലാവരും മനസ് കാണിക്കണമെന്നും മന്ത്രി പറഞ്ഞു. നികുതി വെട്ടിപ്പ് നടത്തിയവരെ വെറുതെ വിടില്ലെന്ന സൂചനയും കവിതയോ ഉദ്ധരണികളോ ഇല്ലാതെ കാര്യങ്ങള്‍ കൃത്യമായി പറഞ്ഞുള്ള ഒരു മണിക്കൂര്‍ മാത്രം നീണ്ട ബജറ്റില്‍ മന്ത്രി വ്യക്തമാക്കി.