തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ സെമി കേഡര്‍ സ്വഭാവത്തിലേയ്ക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മോഡലില്‍ കോണ്‍ഗ്രസില്‍ പുതിയ നീക്കങ്ങളുമായി കെ സുധാകരന്‍.
അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ സെമി കേഡര്‍ പാര്‍ട്ടിയായി കോണ്‍ഗ്രസിനെ മാറ്റുമെന്ന് സുധാകരന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി രാഷ്ട്രീയ പഠന സ്‌കൂള്‍ തുടങ്ങുമെന്ന് സുധാകരന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
സംഘടനാ തലത്തില്‍ കോണ്‍ഗ്രസിന് രാഷ്ട്രീയ പഠനമില്ല. ജനത്തിന് വേണ്ടത് ജീവിതവുമായി ബന്ധമുള്ള രാഷ്ട്രീയമാണെന്നും സുധാകരന്‍ പറഞ്ഞു.
മൂന്ന് മേഖലകളിലായിട്ടാണ് രാഷ്ട്രീയ പഠന സ്‌കൂളുകള്‍ തുടങ്ങുക. കൊച്ചിയിലും കോഴിക്കോട്ടും ഇതിനായി സ്ഥലം കണ്ടെത്തിയെന്ന് സുധാകരന്‍ വ്യക്തമാക്കി. അതേസമയം താന്‍ ബിജെപിയിലേക്ക് പോകുമെന്നത് സിപിഎമ്മിന്റെ നുണപ്രചാരണമാണ്.
സി.പി.എം ഇത് എത്രയോ കാലങ്ങളായി തനിക്കെതിരെ പറയുന്ന കാര്യമാണെന്നും സുധാകരന്‍ പറഞ്ഞു. ആചാര സംരക്ഷണത്തിന്റെ കാര്യത്തിലും സുധാകരന്‍ നിലപാട് വ്യക്തമാക്കി. അത്തരം കാര്യങ്ങളില്‍ കോടതി ഇടപെടുന്നത് ശരിയല്ല. സ്ത്രീ പുരുഷ സമത്വവും ആചാര സംരക്ഷണവും രണ്ടാണ്. അത് കൂട്ടിച്ചേര്‍ക്കാനാവില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
കനേരത്തെ ദേശീയ തലത്തിലും ഇത്തരം ക്ലാസുകള്‍ കോണ്‍ഗ്രസിനുണ്ടായിരുന്നു. പ്രധാനമായും രാഹുല്‍ ഗാന്ധിയുടെ താല്‍പര്യപ്രകാരമായിരുന്നു ഇത്. ഭൂപേഷ് ബാഗല്‍ ഇത്തരം ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. സി.പി.എമ്മും മുമ്പ് പാര്‍ട്ടിയുടെ കേഡര്‍ വോട്ടുകള്‍ ശക്തിപ്പെടുത്തുന്നതിനായി സാധാരണ പ്രവര്‍ത്തകര്‍ക്ക് ഇത്തരം ക്ലാസുകള്‍ നല്‍കാറുള്ളത്.
ദേശീയ മോഡലാണ് സുധാകരന്‍ പാര്‍ട്ടിക്കായി കടംകൊണ്ടിരിക്കുന്നതെന്ന് വ്യക്തമാണ്. അതേസമയം രമേശ് ചെന്നിത്തലയില്‍ നിന്ന് താന്‍ പൂര്‍ണ പിന്തുണ പ്രതീക്ഷിക്കുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു.