Saturday, December 21, 2024

HomeMain Storyകൊവിഡ് ശ്വാസകോശത്തെ മാത്രമല്ല; തലച്ചോറിനെയും ബാധിക്കുമെന്ന് പഠനം

കൊവിഡ് ശ്വാസകോശത്തെ മാത്രമല്ല; തലച്ചോറിനെയും ബാധിക്കുമെന്ന് പഠനം

spot_img
spot_img

ന്യൂഡല്‍ഹി: മഹാമാരിയായ കൊവിഡ് 19 ശ്വാസകോശത്തെ മാത്രം ബാധിക്കുന്ന അസുഖമാണെന്ന ധാരണ തിരുത്താന്‍ സമയമായി. കൊവിഡ് തലച്ചോറിനെയും ഗുരുതരമായി ബാധിക്കുമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഗുരുതര കൊവിഡ് രോഗികളില്‍ തലച്ചോറിലെ ഗ്രേ മാറ്ററിന്റെ അളവ് കുറയ്ക്കാന്‍ കൊവിഡ് കാരണമാകുമെന്നാണ് ജോര്‍ജിയ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത്.

ഗുരുതരമായി കൊവിഡ് ബാധിച്ച 58 പേരുടെയും കൊവിഡ് ഇല്ലാത്ത 62 പേരുടെയും സി ടി സ്‌കാന്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം ഗവേഷകര്‍ കണ്ടെത്തിയത്.

തലച്ചോറില്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും വ്യക്തികളുടെ ചലനം, ഓര്‍മശക്തി, വികാരം എന്നിവയെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുന്ന ഭാഗമാണ് ഗ്രേ മാറ്റര്‍. ഗ്രേമാറ്ററിന്റെ അളവ് കുറയുന്നത് ന്യൂറോണുകളുടെയും ആശയവിനിമയത്തിന്റെയും പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം.

ഗുരുതരമായി കൊവിഡ് ബാധിച്ച് വെന്റിലേറ്റര്‍ പിന്തുണയോടെ ദീര്‍ഘകാലം ആശുപത്രി ചികിത്സക്ക് വിധേയരായവരില്‍ ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണെന്ന് വോക്ഹാര്‍ട്ട് ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് ഡോ. പവന്‍ പൈ പറയുന്നു.

ഗ്രേ മാറ്ററിന്റെ അളവ് കുറയുന്നത്, കോവിഡ് സുഖം പ്രാപിച്ച രോഗികളില്‍ മാനസിക വ്യതിയാനത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരം സാഹചര്യങ്ങളില്‍, കോവിഡ് മുക്തി നേടിയവര്‍ തുടര്‍ന്നും ഡോക്ടറെ സമീപിച്ച് ഉചിതമായ ചികിത്സ തേടണമെന്ന് ഡോ. പവന്‍ പൈ പറഞ്ഞു.

രാത്രിയില്‍ 8 മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങുക, സമ്മര്‍ദ്ദം നിയന്ത്രിക്കുക, വ്യായാമം ചെയ്യുക, പ്രമേഹവും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കുക, മസ്തിഷ്‌ക പസിലുകള്‍ വഴി മസ്തിഷ്‌കത്തിന്റെ ശക്തി വര്‍ധിപ്പിക്കുക, ആസ്വാദ്യകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുക,

പ്രോട്ടീന്‍, പഴം പച്ചക്കറികള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ കഴിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ കൊവിഡാനന്തര മസ്തിഷ്‌ക പ്രശ്‌നങ്ങള്‍ ഒരളവു വരെ നിയന്ത്രിക്കാനാകുമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, തലച്ചോറിലെ ഗ്രേ മാറ്റര്‍ കുറയ്ക്കുന്നതിന് കോവിഡ്19 മാത്രമാണോ ഉത്തരവാദിയെന്ന് എന്ന് പറയാന്‍ ബുദ്ധിമുട്ടാണെന്ന് മാക്‌സ് ഹോസ്പിറ്റലിലെ ന്യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റ് അസോസിയേറ്റ് ഡയറക്ടര്‍ ഡോ. മുഖേഷ് കുമാര്‍ പറഞ്ഞു.

ജോര്‍ജിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയതിനേക്കാള്‍ വലിയ സാമ്പിളുകള്‍ ഉപയോഗിച്ച് വിശദമായ പഠനങ്ങളില്‍ ഇത് തെളിയിക്കപ്പെടടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments